Movies
ജോജു ജോർജ് നായകനായെത്തിയ വരവ് സിനിമയ്ക്ക് നെഗറ്റീവ് റിവ്യൂ പറയുന്നവർക്ക് മറുപടിയുമായി ചിത്രത്തിന്റെ സംവിധായകൻ ഷാജി കൈലാസ്. എന്റെ മേക്കിംഗിൽ കുത്തിക്കയറണ്ടെന്നും നിങ്ങൾ ജനിക്കുന്നതിന് മുൻപേ സിനിമയെടുത്തയാളാണ് താനെന്നും അദ്ദേഹം പറഞ്ഞു. മകൻ റുഷിന്റെ യുട്യൂബ് ചാനലിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
അശ്വന്ത് കോക്ക്, ഉണ്ണി വ്ലോഗ്സ് എന്നിവരുടെ റിവ്യൂവിന് ആണ് സംവിധായകന്റെ മറുപടി.
ടിവി സീരിയൽ പോലെ എടുത്ത പടങ്ങളൊക്കെ വൻ ഹിറ്റായിട്ടുണ്ടെന്നും മെയ്ൻ ആർട്ടിസ്റ്റിനെ മാറ്റി നിർത്തിയാൽ ആ പടം വൻ ഫ്ലോപ്പ് ആയിരിക്കുമെന്നും ഷാജി കൈലാസ് പറയുന്നു. "പറയട്ട് മക്കളേ.. ഇത്രയും നെഗറ്റീവ് വരാന്‍ അത്രയും ഭയങ്കര പടമാണോ ഇത്. നമ്മള് സിനിമ ഉണ്ടാക്കി. കുറേ ആള്‍ക്കാര്‍ക്ക് ഇഷ്ടമായില്ല.
അതിങ്ങനെ വിളിച്ച് പറഞ്ഞോണ്ടിരിക്കുന്നത് എന്തിനാണ്. അപ്പോള്‍ അവരുടെ ഉദ്ദേശ്യം എന്താണ്? അവര്‍ക്ക് എന്നെ നേരിട്ട് വിളിച്ച് പറഞ്ഞൂടെ. ഈ സിനിമ ഇങ്ങനെയാണ്. അതിനി മാറ്റാന്‍ പറ്റില്ലല്ലോ. നെഗറ്റീവ് പറയുന്നവരോട് ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണ്. എന്നോടൊപ്പമോ എഴുത്തുകാര്‍ക്കൊപ്പമോ അല്ലെങ്കില്‍ ഒന്നിച്ചോ ഇരുന്ന് സംസാരിക്കാം. പഴയ പോലെ ഫ്ലാറ്റ് ആയിട്ട് കഥ പറയാന്‍ എനിക്ക് താല്പര്യമില്ല.
അതുകൊണ്ടാണ് പുതിയ ട്രീറ്റ്മെന്റുകള്‍ വരുന്നത്. അത് കുറേ ആളുകള്‍ക്ക് ഇഷ്ടമാവില്ല. ഒരു വൈല്‍ഡ് സിനിമയല്ല ഞങ്ങള്‍ എടുത്തിട്ടുള്ളത്. സാധാരണക്കാരന്റെ കുടുംബ കഥ പറഞ്ഞതാണ്. അതിനകത്ത് റിവഞ്ച് കാര്യങ്ങളൊക്കെ വച്ച് ചെയ്തു. അത് 90s പടമാണ്. ഒരാള്‍ പറഞ്ഞത് വൃദ്ധ ഷോട്ടാണെന്നാണ്. ഒരു ക്ലോസപ്പ് വയ്ക്കുന്നത് വൃദ്ധ ഷോട്ടാവുമോ? എന്റെ മേക്കിങ്ങില്‍ അവരെന്നോട് കുത്തിക്കയറണ്ട.
ഞാന്‍ എന്റെ സ്റ്റൈലില്‍ പോട്ട്. ഞാന്‍ അപ്ഡേറ്റഡ് ആയിട്ടില്ലെന്ന് ആളുകള്‍ പറയുന്നു. ഞാന്‍ എന്നെ ആസ്വദിക്കുന്നത് ചില ഷോട്ടുകളിലാണ്. വീട്ടില്‍ ഇരുന്ന് ആസ്വദിച്ചാല്‍ പോരെന്ന് ചോദിക്കും. അത് കച്ചവട സാധ്യതയ്ക്ക് വേണ്ടിയാണ്. ഭയങ്കര ക്രൂഡായിട്ട് സിനിമ ചെയ്യാന്‍ എനിക്കറിയില്ല. ഡാര്‍ക്ക് ഫിലിം താല്പര്യം ഇല്ല. ഒരു എന്റര്‍ടെയ്നറാണ് ഞാന്‍ ഉദ്ദേശിച്ചത്. ചിലത് പാളിപ്പോകും, ചിലത് നന്നാവും. 'വരവ്' പാളിയെന്ന് ചിലര്‍. മറ്റുചിലര്‍ ഗംഭീരമെന്ന്.
എന്ത് ചെയ്യാന്‍ പറ്റും. ഒരു ഹോട്ടലില്‍ കയറുമ്പോള്‍ ചിലര്‍ ആ ടേസ്റ്റോടെ കഴിക്കും. ചിലര്‍ അത് കുറഞ്ഞു ഇത് കുറഞ്ഞു എന്നൊക്കെ പറയും. അതങ്ങ് വിട്ട് കൊടുക്കണം. കുറേ ആള്ക്കാര് നല്ലതും കുറേ ആള്ക്കാര് ചീത്തയും പറയും. അതെല്ലാം ബാധിക്കുന്നത് എന്നെയാണ്. പുതിയൊരു പടം ചെയ്യുമ്പോള്‍ അത് മാറ്റിയെടുക്കും എന്നാണ് എന്റെ വിശ്വാസം. നിങ്ങള്‍ പറഞ്ഞ രീതിയില്‍ മാറ്റി എടുക്കുമ്പോള്‍ എന്റെ കൂടെ നില്‍ക്കണം.
നിങ്ങളെന്തിന് അത് മാറ്റിയതെന്ന് ചോദിച്ച് കൊണ്ട് ആരും വരരുത്. നിനക്ക് നിന്റെ അഭിപ്രായം പറയാം. അത് മറ്റുള്ളവരിലേക്ക് അടിച്ച് ഏല്‍പ്പിക്കരുത്.എനിക്ക് ഭയങ്കര ഇഷ്ടമുള്ളൊരാളാണ് അശ്വന്ത് കോക്ക്. ഗംഭീരമായിട്ട് വിമര്‍ശിക്കും. പുള്ളിക്ക് വരവ് വര്‍ക്കായില്ല. ജോജുവിന്റെ കണ്ണിനെ കുറിച്ച് പറയുന്നുണ്ട്. അയാളുടെ അച്ഛന്റെ പേര് ചെമ്പ് കണ്ണന് കോര എന്നാണ്. അത് അവര്‍ ഫോളോ ചെയ്തിട്ടില്ല.
അതാണ് കുഴപ്പം. ഇവരെല്ലാം ഒന്നിച്ച് വന്നാല്‍ നമുക്ക് സംസാരിക്കാം. ഒരാള്‍ക്ക് ഇഷ്ടപ്പെട്ടില്ലെന്ന് പറയുമ്പോള്‍ അപ്പുറത്ത് 100 പേര്‍ക്ക് ഇഷ്ടപ്പെടും. ഏറ്റവും കൂടുതല്‍ ചീത്ത കേട്ടിട്ടുള്ള ആളാണ് ഞാന്‍. അതൊന്നും എനിക്ക് പ്രശ്നമേ അല്ല. അവര്‍ക്ക് വലിച്ച് കീറാനും ചീത്ത പറയാനും അധികാരം ഉണ്ട്. അവകാശം ഉണ്ട്. പണം മുടക്കിയ കുറച്ച് ആള്‍ക്കാരുണ്ട്. പണം മുടക്കിയവരെ ഒന്നും ഇതൊന്നും ബാധിക്കരുതെന്നാണ്. സിനിമ റിലീസ് ചെയ്ത് ഒരാഴ്ച കഴിഞ്ഞിട്ട് നിങ്ങള്‍ എന്ത് വേണമെങ്കിലും പറഞ്ഞോളൂ.
ആള്‍ക്കാര്‍ക്ക് സിനിമയെ വിട്ടുകൊടുക്കൂ. ഒരാഴ്ച ആളുകള്‍ കാണട്ടെ. ഇത് തിയറ്ററില്‍ ഇറങ്ങിയ ഉടനെ റിവ്യൂ പറയുകയാണ്. കുറേ ആൾക്കാർ വരട്ടെ. കണ്ടിട്ട് പോകട്ടെ. എനിക്ക് ടിവി സീരിയൽ പോലെ ഒന്നും പടം എടുക്കാൻ അറിയില്ല. കുറച്ച് ഗുമ്മൊക്കെ വേണം. ചെറിയൊരു പാളിച്ച വന്നാൽ നിശിതമായി വിമർശിക്കുകയാണ്. ടെക്നീഷ്യൻമാരെ ഒന്നും പറയരുത്. 90's പടങ്ങൾ ഞാൻ നിർത്തി.
അസാധ്യമായ സിനിമകൾ വരും. ഇനി വരാൻ പോകുന്നതൊക്കെ ഇടിവെട്ട് ആയിരിക്കും. അതി ഗംഭീരമായൊരു തിരക്കഥയ്ക്ക് വേണ്ടിയാണ് ഞാൻ കാത്തിരിക്കുന്നത്. ടിവി സീരിയൽ പോലെ എടുത്ത പടങ്ങളൊക്കെ വൻ ഹിറ്റായി. മെയ്ൻ ആർട്ടിസ്റ്റ് ഉള്ളത് കൊണ്ട് മാത്രം ഓടുന്ന സിനിമകളുണ്ട്. അവരെ മാറ്റി നിർത്തിയാൽ ആ പടം വൻ ഫ്ലോപ്പ് ആയിരിക്കും.
ഷാജി കൈലാസിറെ തിരിച്ച് വരവ് ഉണ്ടായില്ലെന്ന് പറയുന്നവരോട് തിരിച്ച് വരാൻ ഞാൻ എവിടേയും പോയിട്ടില്ല. നിങ്ങൾ ജനിക്കും മുമ്പ് സിനിമ എടുത്തയാളാണ് ഞാൻ. ഷാജി കൈലാസ് ബ്രാന്റ് ഒന്നും ഇല്ല". - ഷാജി കൈലാസ് പറഞ്ഞു.
Movies
സാമൂഹ്യപ്രവര്‍ത്തകന്‍ സോനം വാംഗ്ചുകിന്റെ നിരാഹാര സമരത്തിൽ മൗനം വെടിഞ്ഞ് നടൻ ആമിർ ഖാൻ. സോനത്തിന്റെ ആരോഗ്യത്തിൽ തനിക്ക് വളരെയധികം ആശങ്കയുണ്ടെന്നും അദ്ദേഹം ഉടൻ തന്നെ നിരാഹാരം അവസാനിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ആമിർ വ്യക്തമാക്കി.
ഒപ്പം 3 ഇഡിയറ്റ്സിലെ തന്റെ കഥാപാത്രമായ റാഞ്ചു, സോനത്തിന്റെെ ജീവിതത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് ഒരുക്കിയതാണെന്ന തരത്തിലുള്ള വാദങ്ങൾ അദ്ദേഹം തള്ളിക്കളഞ്ഞു.
സോനത്തിന്റെ ജീവിതത്തെ സ്ക്രീനിൽ പകർത്തിയ ആമിർ നിരാഹാരസമരത്തോട് മുഖം തിരിക്കുന്നുവെന്ന തരത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ വിമർശനങ്ങളുയർന്നിരുന്നു.
ആ കഥാപാത്രം സോനത്തിന്റെ ജീവിതത്തിൽ നിന്ന് കടം കൊണ്ടതല്ലെന്ന് ആമിർ പറഞ്ഞു.
"അതൊരു തെറ്റിദ്ധാരണയാണ്. 3 ഇഡിയറ്റ്സ് ചെയ്യുന്ന സമയത്ത് എനിക്ക് സോനത്തിനെ അറിയില്ല. ചിത്രത്തിനു വേണ്ടി കഥയെഴുതിയ രാജ്കുമാർ ഹിറാനിക്കോ, അഭിജാത് ജോഷിക്കോ സോനത്തിനെ അറിയില്ലായിരുന്നു. എന്നിരുന്നാലും സോനം ചെയ്തത് നല്ല കാര്യങ്ങളാണ്. അദ്ദേഹത്തെയും അദ്ദേഹം ചെയ്യുന്ന പ്രവർത്തനങ്ങളെയും ബഹുമാനിക്കാൻ 3 ഇഡിയറ്റ്സ് എന്ന സിനിമയിലെ ഒരു കഥാപാത്രം വേണമെന്നില്ല.
വസ്തുതകൾ പങ്കുവെക്കാനാണ് ഇപ്പോൾ ഇക്കാര്യങ്ങൾ പങ്കുവെച്ചത്. സോനം തന്നെ ഇക്കാര്യം മുൻപ് പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ ജീവിതത്തെ അടിസ്ഥാനമാക്കിയല്ല 3 ഇഡിയറ്റ്സ് ഒരുക്കിയിരിക്കുന്നതെന്ന്. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി ഓർത്ത് എല്ലാവർക്കും ആശങ്കയുണ്ട്. എനിക്കും. അദ്ദേഹം നിരാഹരം അവസാനിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു". -ആമിർ ഖാൻ പറഞ്ഞു.
സിനിമാ ലോകത്തെ പലരും മൗനം തുടരുമ്പോഴും അഭയ് ഡിയോൾ, സ്വര ഭാസ്കർ, അനുരാഗ് കശ്യപ്, സോനാക്ഷി സിൻഹ, അതുൽ കുൽക്കർണി, സയജി ഷിൻഡെ, ശ്രേയ ധന്വന്തരി, പ്രകാശ് രാജ് തുടങ്ങിയവർ സോനം വാങ്ചുകിന് ഐക്യദാർഢ്യം അറിയിച്ച് രംഗത്തെത്തിയിരുന്നു.
വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ വീഴ്ചകളും ലഡാക്കിന്റെ ഭരണഘടനാപരമായ സംരക്ഷണം സംബന്ധിച്ച ആവശ്യങ്ങൾ സർക്കാർ അവഗണിക്കുന്നതിലും പ്രതിഷേധിച്ചാണ് വാംഗ്ചുകിന്റെ പ്രതിഷേധം.
Movies
കേരള ബോക്സ്ഓഫീസിൽ ഒരു യുദ്ധക്കളത്തിന്റെ പ്രതീതി സൃഷ്ടിച്ചായിരിക്കും ഇത്തവണ ഓണം റിലീസുകൾ എത്തുന്നത്. പല യുവതാരങ്ങൾക്കും ഈ ഉത്സവകാലം അതിജീവനവും തിരിച്ചുവരവുമാണ്. ആര് വാഴും ആര് വീഴും, അറിയാൻ ഇനി ഒരു മാസം കൂടി മാത്രമാണ് ബാക്കി.
കിംഗ് ഓഫ് കൊത്തയ്ക്കേറ്റ കനത്ത പരാജയത്തിന്റെ മങ്ങലിൽ നിന്നും മലയാളത്തിലേയ്ക്കുള്ള ദുൽഖറിന്റെ രാജകീയ തിരിച്ചുവരവിന് ഐആയം ഗെയിം ഇടമൊരുക്കുമോ?
നോബോഡി എന്ന ചിത്രത്തിലൂടെ തിരിച്ചു വരവിനു ശ്രമിച്ചെങ്കിലും ഒന്നും ആകാതെ പോയ പ്രിത്വിരാജിനു ഖലീഫ തുണക്കുമോ എന്നതാണ് അടുത്ത ചോദ്യം...
പ്രതിച്ചയായിലൂടെ തന്റെ ബോക്സ്ഓഫിസ് ‘പ്രതിഛായ’ അൽപം മങ്ങിപ്പോയ നിവിൻ പോളിക്ക് ബത്ലഹേം കുടുംബയൂണിറ്റ് ആശ്വാസം പകരുമോ. നോക്കാം ഇത്തവണത്തെ ഓണം റിലീസുകൾ.
'തുടക്കം' കുറിക്കാൻ വിസ്മയ
Movies
പ്രഭാസിനെ നായകനാക്കി ഹനു രാഘവപുടി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ആഗോള റിലീസ് തീയതി പുറത്ത്. ഫൗസി എന്ന് പേരിട്ടിരിക്കുന്ന ചിത്രം 2026 ഡിസംബർ മൂന്നിന് ലോകമെമ്പാടും ഉള്ള തിയറ്ററുകളിലെത്തും.
ബ്രഹ്മാണ്ഡ കാൻവാസിൽ ഒരുക്കുന്ന ഈ വമ്പൻ പാൻ ഇന്ത്യൻ ചിത്രം നിർമിക്കുന്നത് മൈത്രി മൂവി മേക്കേഴ്സാണ്. പ്രഭാസും ഹനു രാഘവപുഡിയും മൈത്രി മൂവി മേക്കേഴ്സും ആദ്യമായി ഒന്നിക്കുന്ന ഈ ചിത്രം ടി സീരീസ് ഫിലിംസ് ബാനറിൽ ഗുൽഷൻ കുമാർ, ഭൂഷൺ കുമാർ എന്നിവർ ചേർന്നാണ് അവതരിപ്പിക്കുന്നത്.
എ ബറ്റാലിയൻ ഹു ഫൈറ്റ്സ് എലോൺ എന്നതാണ് ചിത്രത്തിന്റെ ടൈറ്റിൽ ടാഗ്ലൈൻ. സീതാ രാമം എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം ഹനു രാഘവപുടി രചിച്ചു സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.
ഇന്ത്യയുടെ മഹത്തായ ചരിത്രത്തിൽ മറഞ്ഞു പോയ ഒരു ധീര യോദ്ധാവിന്റെ കഥയാണ് ചിത്രം പറയാൻ പോകുന്നത്. 1940-കളുടെ പശ്ചാത്തലത്തിൽ കഥ പറയുന്ന ബിഗ് ബജറ്റ് ചരിത്ര ചിത്രമായാണ് ഫൗസി ഒരുങ്ങുന്നത്.
കൊളോണിയൽ ഇന്ത്യയുടെ കാലഘട്ടത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ ഓപ്പറേഷൻ Z എന്ന സൈനിക നീക്കത്തിനും പ്രാധാന്യമുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. 1932 മുതൽ തേടപ്പെടുന്ന ഒരു മോസ്റ്റ് വാണ്ടഡ് കഥാപാത്രം ആയാണ് പ്രഭാസ് ഈ ചിത്രത്തിൽ അഭിനയിക്കുന്നത് എന്നാണ് സൂചന.
ഇമാൻവി ആണ് ചിത്രത്തിലെ നായികാവേഷം ചെയ്യുന്നത്. ബോളിവുഡ് താരം അനുപം ഖേർ, മിഥുൻ ചക്രവർത്തി, ജയപ്രദ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. രാജ്യാന്തര സാങ്കേതിക നിലവാരത്തിൽ ഒരുക്കുന്ന ചിത്രത്തിന്റെ ജോലികൾ ഇപ്പോൾ പുരോഗമിക്കുകയാണ്. തെലുങ്ക്, മലയാളം, തമിഴ്, ഹിന്ദി, കന്നഡ ഉൾപ്പെടെ ആറു ഭാഷകളിൽ ആണ് ചിത്രം പ്രദർശനത്തിന് എത്തുക.
Movies
ഐ പ്ലേ റോക്കി സിനിമയുടെ ട്രെയിലർ പുറത്ത് വിട്ടു. പ്രശസ്ത നടൻ സിൽവസ്റ്റർ സ്റ്റാലന്റെ ജീവിതത്തെയും 1976–ൽ പുറത്തിറങ്ങിയ റോക്കി എന്ന ചിത്രത്തിന്റെ കഥാപരിസരത്തെയും ആസ്പദമാക്കി പീറ്റര്‍ ഫാരെല്ലി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
നടനായ ആന്റണി ഇപ്പൊലിറ്റോയാണ് സിൽവസ്റ്റർ സ്റ്റാലനായി സിനിമയിലെത്തുന്നത്. മെട്രോ ഗോൾഡ്വിൻ മേയറാണ് ചിത്രം നിർമിക്കുന്നത്.
സിനിമാ മേഖലയെ കൈപ്പിടിയിലൊതുക്കി നിയന്ത്രിക്കുന്നവർ സ്റ്റാലനെ ഒഴിവാക്കിയതും ഞാൻ തിരക്കഥ ഒരുക്കുന്ന ചിത്രത്തിൽ അഭിനയിക്കാൻ എനിക്ക് ആഗ്രഹമുണ്ടെന്നും പക്ഷേ അതിനെ ആരും പിന്തുണയ്ക്കുന്നില്ലെന്നും ട്രെയിലറിൽ ആന്റണി ഇപ്പൊലിറ്റോ എന്ന നായക നടൻ പറഞ്ഞുവെക്കുമ്പോൾ അത് വിരൽ ചൂണ്ടുന്നത് ഹോളിവുഡിൽ നിലനിൽക്കുന്ന വേർതിരിവുകളിലേക്ക് കൂടിയാണ്.
Movies
മോഹന്‍ലാലിന്റെ നേതൃത്വത്തില്‍ നടത്തിയ യൂറോപ്യന്‍ പര്യടനത്തിലെ വിവിധ വേദികളില്‍ നിന്നുള്ള വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ അടുത്തിടെ തരംഗമായിരുന്നു. വിശേഷിച്ചും താരസുന്ദരിമാർക്കൊപ്പമുള്ള മോഹന്‍ലാലിന്റെ നൃത്തം.
അതില്‍ ഏറ്റവും വൈറല്‍ ആയത് സാനിയ ഇയ്യപ്പനും സ്വാസികയ്ക്കുമൊപ്പമുള്ള ഒരു ഡാന്‍ഡ് വീഡിയോ ആയിരുന്നു. ഇപ്പോഴിതാ മോഹന്‍ലാലിനൊപ്പം വേദിയില്‍ നൃത്തം ചെയ്ത അനുഭവം പങ്കുവയ്ക്കുകയാണ് നടി സാനിയ ഇയ്യപ്പന്‍. ക്ലബ്ബ് എഫ്എമ്മിന് നല്കിയ അഭിമുഖത്തിലാണ് സാനിയ ഇതേക്കുറിച്ച് പറയുന്നത്.
ആദ്യം ഡാന്‍സിന്റെ പ്രാക്റ്റീസിന് വന്നപ്പോള്‍ ലാൽ സാര്‍ ഇല്ലാതെയാണ് ഞാന്‍ പഠിച്ചത്. പറക്ക പറക്ക എന്ന ഡാന്‍സ് ഒക്കെ പഠിക്കുന്ന സമയത്ത് ഉള്ളില്‍ ഒരു നാണം ഒക്കെ ആയിരുന്നു. സാറിനൊപ്പം എങ്ങനെയാണ് ഡാന്‍സ് ചെയ്യുന്നത് എന്നൊക്കെ.
എങ്ങനെയായിരിക്കും എക്സ്പ്രഷന്‍സ് ഒക്കെ ചെയ്യാന്‍ പോകുന്നത് എന്നൊക്കെ ആലോചിച്ചു. സ്റ്റേജ് റിഹേഴ്സലിന്റെ സമയത്ത് സാര്‍ ഓരോന്ന് ചെയ്യുമ്പോള്‍ ഭയങ്കര തമാശയൊക്കെയായിട്ട് നമ്മളെ കംഫര്‍ട്ടബിള്‍ ആക്കിയിരുന്നു.
പക്ഷേ സ്റ്റേജില്‍ ചെയ്യുന്ന അതേപോലെ ആയിരിക്കില്ല. അപ്പോള്‍ നമുക്ക് അറിയില്ല സ്റ്റേജില്‍ എന്തായാരിക്കുമെന്ന്. ജര്‍മനിയിലെ ഷോയില്‍ റംസാന്റെ കൂടെ ആയിരുന്നു എന്റെ ആദ്യത്തെ ഡാന്‍സ്. അത് കഴിഞ്ഞ് ഞാന്‍ ആ ഡ്രസ് ഒക്കെ ഇട്ട് വന്നു. സാര്‍ ബാക്ക് സ്റ്റേജില്‍ നില്‍ക്കുകയാണ്. ഓള് ദി ബെസ്റ്റ് ഒക്കെ പറഞ്ഞു. ഓഡിയന്‍സ് ക്രേസി ആയിരുന്നു.
സാര്‍ ഇങ്ങനെ ലൈവ് ആയി വന്ന് പെര്‍ഫോം ചെയ്യുന്നത് കുറേ നാളിന് ശേഷമാണെന്ന് തോന്നുന്നു. പറക്ക പറക്ക എന്ന ഡാന്‍സ് ചെയ്യുന്ന സമയത്ത് സത്യസന്ധമായി പറഞ്ഞാല്‍ സ്റ്റേജില്‍ ആണെന്ന കാര്യം ഞാന്‍ മറന്നുപോയി. ഇത് കൂട്ടി പറയുന്നതല്ല.
ക്രൗഡും എനിക്ക് ഓര്‍മയില്ല. ആദ്യത്തെ വീഡിയോ ഇറങ്ങിയതില്‍ കാണാം പൂന്തോട്ടത്തില്‍ വിട്ട ഒരു പൂമ്പാറ്റ പാറുന്നത് പോലെയായിരുന്നു ഞാന്‍. സാര്‍ എന്നെ തിരിക്കുന്ന ഭാഗമൊക്കെയുണ്ട്. അവിടെയൊക്കെ ഞാന്‍ അങ്ങ് അലിഞ്ഞ് പോകുന്നതുപോലെ ആയിരുന്നു. ഏജ് ഈസ് ജസ്റ്റ് എ നമ്പര്‍ എന്ന് എല്ലാവരും കുറേ കമന്റ്സ് ഒക്കെ ഇട്ടിരുന്നു. അതൊരു മൊമെന്റ് ആയിരുന്നു സാറിന്റെ കൂടെ ഡാൻസ് ചെയ്യാന്‍ പറ്റുക എന്നത്. ആ അവസരം കിട്ടിയതില്‍ വലിയ സന്തോഷമുണ്ട് എനിക്ക്. സാനിയ ഇയ്യപ്പന്‍ വ്യക്തമാക്കി.
Movies
അഭിമന്യു ഷമ്മി തിലകൻ, ബിബിൻ ജോർജ്, രേണു സൗന്ദർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ നിവിൻ ദാമോദരൻ സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് പൊടിപൂരം.
ഇന്ദ്രജിത്ത് ജഗജിത്ത്, ചിരാഗ് ജാനി, ഷാജു ശ്രീധർ, ശ്രീജിത്ത് രവി, സുധീർ സുകുമാരൻ, അങ്കിത് മാധവ്, നന്ദൻ ഉണ്ണി, അബിൻ ബിനോ, എൻ. എം. ബാദുഷ, അൻസജ് ഗോപി, സ്വപ്ന പിള്ള തുടങ്ങിയവർക്കൊപ്പം പുതുമുഖങ്ങളും അഭിനയിക്കുന്നു.
ത്രികാൽ സ്റ്റുഡിയോസിന്റെ ബാനറിൽ പി. ശിവപ്രസാദ്, അമീർ കൊച്ചിൻ, നിവിൻ ഡി എന്നിവർ ചേർന്ന് നിർമിക്കുന്ന ആക്ഷൻ കോമഡി ചിത്രത്തിന്റെ ഛായാഗ്രഹണം രവിചന്ദ്രൻ നിർവഹിക്കുന്നു.
പ്രശസ്ത ഹൊറർ നോവലെഴുത്തുക്കാരനായ അനുരാഗ് ഗോപിനാഥ് തിരക്കഥയും സംഭാഷണവു മെഴുതുന്നു. അൻസാജ് ഗോപി എഴുതിയ വരികൾക്ക് ഫോർ മ്യൂസിക് സംഗീതം പകരുന്നു.
സഹ നിർമാണം-ബോണി അസനാർ, അഭിമന്യു കൃഷ്ണൻ, എഡിറ്റർ-ജിത്ത് ജോഷി, പ്രൊഡക്ഷൻ കൺട്രോളർ-ഇക്ബാൽ പാനായിക്കുളം, പ്രൊഡക്ഷൻ ഡിസൈനർ-ശ്യാം കാർത്തികേയൻ, വസ്ത്രാലങ്കാരം-സൂര്യ ശേഖർ, മേക്കപ്പ്-ജിതേഷ് പൊയ്യ, ചീഫ് അസോസിയേറ്റ് ഡയറക്ടർ-കെ.ജെ. വിനയൻ, പ്രോജക്ട് കോ-ഓർഡിനേഷൻ-ഹരീഷ് എ.വി., ടെക്നിക്കൽ സപ്പോർട്ട്-സ്റ്റീഫൻ വള്ളിയറ (ടെക് ഫിലിം), ഫിനാൻസ് കൺട്രോളർ-സുജിത്ത് സുധാകർ, സൗണ്ട് ഡിസൈൻ-ഹരി നാരായണൻ, സൗണ്ട് മിക്സിംഗ്-അജിത് എ. ജോർജ്, സ്റ്റുഡിയോ-ഹൈ സ്റ്റുഡിയോസ്, ഡിജിറ്റൽ മാർക്കറ്റിംഗ്-ബി.സി. ക്രിയേറ്റീവ്സ്, പ്രൊമോഷൻ കൺസൾട്ടന്റ്-മനു കെ. തങ്കച്ചൻ, സ്റ്റിൽസ്-ജസ്റ്റിൻ ജയിംസ്, പബ്ലിസിറ്റി ഡിസൈൻ-റോസ് മേരി ലില്ലു, മാജിക് മൊമെന്റ്സ്, വിതരണം-ഫസ്റ്റ് ക്ലാസ് ഫിലിംസ് ത്രൂ ഹൈസിൻ ഗ്ലോബൽ വെഞ്ചേഴ്സ്. പ്രാരംഭ നടപടികൾ പൂർത്തിയാകുന്ന ഈ സിനിമയുടെ ചിത്രീകരണം ഡിസംബറിൽ ആരംഭിക്കും. പിആർഒ-എ.എസ്. ദിനേശ്, പി. ശിവപ്രസാദ്.
Movies
കാൻസർ എന്ന മാരക രോഗത്തോടും അതിനൊപ്പം സോഷ്യൽ മീഡിയയിലെ ക്രൂരമായ വ്യാജ പ്രചാരണങ്ങളോടും ഒരേസമയം പോരാടുകയാണ് രേണു സുധി. രണ്ടാമത്തെ കീമോതെറാപ്പിക്ക് ശേഷം ഗുരുതരാവസ്ഥയിലായ രേണു ഒരാഴ്ചയോളം തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ഈ കഠിനമായ ഘട്ടത്തിലും തനിക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് രേണുവും സഹോദരിയും.
രേണുവിന് കാൻസർ ഇല്ലെന്നും, ചികിത്സാ ബില്ലുകൾ കൃത്രിമമായി ഉണ്ടാക്കിയതാണെന്നുമുള്ള ചില വ്ലോഗർമാരുടെ വ്യാജ പ്രചാരണങ്ങൾക്കെതിരെ രേണുവിന്റെ സഹോദരി ശക്തമായി പ്രതികരിച്ചു. നിലവിൽ തങ്ങളുടെ ഏക വരുമാന മാർഗ്ഗമായ യൂട്യൂബ് ചാനലിനെ തകർക്കാൻ ബോധപൂർവ്വം നടക്കുന്ന ശ്രമങ്ങളുടെ സത്യാവസ്ഥ ഇരുവരും ചേർന്ന് വ്യക്തമാക്കി.
''രണ്ടാമത്തെ കീമോതെറാപ്പിക്ക് ശേഷം കടുത്ത ഛർദ്ദിയും ശാരീരിക അസ്വസ്ഥതകളും കാരണം കഴിഞ്ഞ അഞ്ച് ദിവസമായി ഞാൻ ഐസിയുവിൽ ചികിത്സയിലായിരുന്നു. ഇന്ന് ഡിസ്ചാർജ് ആയി വീട്ടിലെത്തി. എന്നെ സ്നേഹിക്കുന്ന ഒരുപാട് പേരുടെ പ്രാർത്ഥനയും വഴിപാടുകളും കൊണ്ടാണ് ഞാൻ ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. അവർക്ക് എങ്ങനെ നന്ദി പറയണമെന്ന് എനിക്കറിയില്ല.
ഇനിയും എനിക്ക് നാല് കീമോകളും അതിനുശേഷം ശസ്ത്രക്രിയയും കൂടിയുണ്ട്. പൂർണ ആരോഗ്യത്തോടെ ഞാൻ തിരിച്ചുവരുമെന്ന് തന്നെയാണ് എന്റെ ഉറച്ച വിശ്വാസം. കുട്ടിക്കാലം തൊട്ടേ എന്റെയോ മറ്റുള്ളവരുടെയോ ശരീരത്തിൽ ഒരു മാരക രോഗവും വരാതിരിക്കണേ എന്ന് ഞാൻ പ്രാർഥിക്കാറുണ്ടായിരുന്നു.
എന്നിട്ടും എനിക്ക് എന്തുകൊണ്ടാണ് ഈ അസുഖം വന്നതെന്ന് ആശുപത്രി കിടക്കയിൽ കിടന്ന് ഞാൻ ദൈവത്തോട് ചോദിച്ചു. നാളെ മറ്റുള്ളവരുടെ മുന്നിൽ ദൈവകൃപ സാക്ഷ്യപ്പെടുത്താൻ വേണ്ടിയാകാം ഇതെന്നാണ് എന്റെ മനസ് ഇപ്പോൾ എന്നോട് പറയുന്നത്.
എന്റെ അഭാവത്തിൽ മകൻ ഒറ്റപ്പെട്ടുപോകുമോ എന്നൊരു വിഷമം ഉള്ളിലുണ്ടായിരുന്നു. എന്നാൽ എന്റെ ചേച്ചിയുടെ മക്കൾ അവനെ സ്വന്തം സഹോദരനെപ്പോലെയാണ് നോക്കുന്നത്. ഒരു അമ്മയുടെ വയറ്റിൽ ജനിച്ചതുപോലെ അവർ അവനെ ചേർത്തുപിടിക്കുന്നത് കാണുമ്പോൾ എനിക്ക് വലിയ സന്തോഷമുണ്ട്. മനസിന് അധികം വിഷമം ഉണ്ടാക്കരുതെന്നും ഫോൺ ഉപയോഗിക്കരുതെന്നും ഡോക്ടർമാർ എന്നോട് കർശനമായി പറഞ്ഞിട്ടുണ്ട്. അതിനാൽ ഞാൻ ഫോൺ ഉപയോഗിക്കാറില്ല.
എന്നാൽ ഈ യൂട്യൂബ് ചാനൽ മാത്രമാണ് എന്റെ ഏക വരുമാനമാർഗ്ഗം; എനിക്ക് ജീവിക്കാൻ വേറെ വഴികളില്ല. എന്നെ സ്നേഹിക്കുന്നവർ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുകയും പിന്തുണയ്ക്കുകയും വേണം. ദയവായി എന്റെ പഴയ കാര്യങ്ങൾ കുത്തിപ്പൊക്കി എന്നെ അവഹേളിക്കരുത്. എന്നെപ്പോലെ കാൻസർ ബാധിച്ച് പ്രയാസമനുഭവിക്കുന്ന ഒട്ടനവധി രോഗികളുണ്ട്. ആ വേദന അത് അനുഭവിക്കുന്നവർക്കോ അവരുടെ കുടുംബത്തിനോ മാത്രമേ മനസ്സിലാകൂ. അവരോട് അല്പമെങ്കിലും കരുണ കാണിക്കുക.’’ രേണു സുധി പറഞ്ഞു.
‘‘രണ്ടാമത്തെ കീമോയ്ക്ക് ശേഷമുള്ള അസ്വസ്ഥതകൾ കാരണമാണ് രേണുവിനെ ഐ.സി.യുവിൽ പ്രവേശിപ്പിച്ചത്. എന്നാൽ ഇതിനിടയിലും രേണുവിന് കാൻസർ ഇല്ലെന്നും മരുന്നിന്റെ ബിൽ എഐ ഉപയോഗിച്ച് വ്യാജമായി ഉണ്ടാക്കിയതാണെന്നും ചില വ്ലോഗർമാർ പ്രചരിപ്പിക്കുന്നുണ്ട്. ഞങ്ങളുടെ സാഹചര്യം കൊണ്ടാണ് ആ ബിൽ പോലും സോഷ്യൽ മീഡിയയിൽ കാണിക്കേണ്ടി വന്നത്.
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഇൻ-ഹൗസ് ഡ്രഗ് ബാങ്കിൽ നിന്നാണ് ഞങ്ങൾ ഈ മരുന്ന് വാങ്ങുന്നത്. ഇതിൽ ആർക്കെങ്കിലും സംശയമുണ്ടെങ്കിൽ ബില്ലിലുള്ള നമ്പറിലോ ഫാർമസിയിലോ വിളിച്ച് നേരിട്ട് അന്വേഷിക്കാവുന്നതേയുള്ളൂ. ഫാർമസിക്ക് ലൈസൻസ് കിട്ടിയ വർഷമാണ് ബില്ലിൽ രേഖപ്പെടുത്തിയിരിക്കുന്നത്. രോഗിയുടെ പേരും വിവരങ്ങളും കൃത്യമായി അതിലുണ്ട്. മരുന്നിന്റെ ഉയർന്ന വില പുറത്തറിഞ്ഞ് ആളുകൾ വിമർശിക്കാതിരിക്കാൻ വേണ്ടി മാത്രമാണ് അതിന്റെ വില ഭാഗം മറച്ചുവെച്ചത്. അല്ലാതെ അതിൽ യാതൊരു കള്ളത്തരവുമില്ല.
ചില വ്ലോഗർമാർ കാൻസർ രോഗികളുടേതെന്ന പേരിൽ ചില ഓഡിയോ ക്ലിപ്പുകൾ പങ്കുവെച്ചുകൊണ്ട് രേണുവിനെ വിമർശിക്കുന്നുണ്ട്. എന്നാൽ ഈ രോഗം ബാധിച്ച് അതിന്റെ വേദന അനുഭവിച്ചറിഞ്ഞ ഒരു കാൻസർ രോഗിയും മറ്റൊരു രോഗിയെക്കുറിച്ച് ഇത്രയും മോശമായി സംസാരിക്കില്ല. ആ വോയിസ് ക്ലിപ്പുകൾ കെട്ടിച്ചമച്ചതാണെന്നു തോന്നുന്നു.
മുൻപ് രേണു എന്തിനാണ് മാധ്യമങ്ങൾക്ക് അഭിമുഖം നൽകുന്നത് എന്ന് വിമർശിച്ചതുകൊണ്ടാണ് അവൾ സ്വന്തം യൂട്യൂബ് ചാനലിലൂടെ കാര്യങ്ങൾ പറയാൻ തുടങ്ങിയത്. ഇത് സാധാരണ പെയിൻ കില്ലറല്ല, അവളുടെ ജീവൻ നിലനിർത്താനുള്ള ലൈഫ് സേവിംഗ് മെഡിസിനാണ്.
ആറ് കീമോ കഴിഞ്ഞാലും ചിലപ്പോൾ ഈ മരുന്ന് വീണ്ടും ആവശ്യമായി വരും. അതിന് ഭീമമായ തുക വേണം. അതിനാണ് അവൾ ഈ ചാനലുമായി മുന്നോട്ട് പോകുന്നത്. ദൈവത്തെ ഓർത്ത് വ്യൂസിനും റീച്ചിനും വേണ്ടി അവളെ ഇനിയും ദ്രോഹിക്കാതിരിക്കുക. അവളെ സ്നേഹിക്കുന്ന ഒരു കൂട്ടം ജനങ്ങളുണ്ട്. ഞങ്ങളുടെ കുഞ്ഞിന് വേണ്ടി അവൾ തിരിച്ചുവരണം. സഹായിച്ചില്ലെങ്കിലും അവളെ ക്രൂശിക്കുന്ന വീഡിയോകൾ ചെയ്യരുത്.
ഞങ്ങളുടെ കുഞ്ഞിന് വേണ്ടി അവൾ ജീവനോടെ തിരിച്ചുവരണം. സഹായിച്ചില്ലെങ്കിലും അവളെ ക്രൂശിക്കുന്ന വിഡിയോകൾ ഇനിയും ചെയ്യാതിരിക്കുക. അവൾക്കായി പ്രാർഥിക്കുക എന്ന് മാത്രമേ ഞങ്ങൾക്ക് അഭ്യർത്ഥിക്കാനുള്ളൂ." രേണുവിന്റെ സഹോദരി പറഞ്ഞു
Movies
തന്റെ ചെറുപ്പക്കാലത്തെ സാമ്പത്തിക ബുദ്ധിമുട്ടുകളെക്കുറിച്ച് ഓർത്തെടുത്ത് നടൻ വിജയ് സേതുപതി. കടം കൊടുക്കാനുണ്ടായിരുന്നവർ വീടിന്റെ മുന്നിൽ കാത്തിരുന്നുവെന്നും പലതരത്തിലുള്ള ജോലികൾ ചെയ്തിട്ടുണ്ടെന്നും സേതുപതി തുറന്നു പറയുന്നു.
സുന്ദരപാണ്ഡ്യനും വിക്രം വേദയ്ക്കും മഹാരാജയ്ക്കുമെല്ലാം മുന്‍പ് സിനിമ സങ്കല്പത്തിലേ ഇല്ലാതിരുന്നൊരു കാര്യമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ട്രൂലി റാം പോഡ്കാസ്റ്റിലാണ് താരത്തിന്റെ വെളിപ്പെടുത്തൽ.
അച്ഛന് ആരുടെയും മുന്നില്‍ തല കുനിച്ച് നില്ക്കാന് ഇടയാകരുതെന്ന് മാത്രമായിരുന്നു അക്കാലത്ത് ചിന്ത. കുട്ടിക്കാലത്ത് സിനിമയില്‍ അഭിനയിക്കണമെന്നൊന്നും ഉണ്ടായിരുന്നില്ല. ജോലി ചെയ്യാനായിരുന്നു ഇഷ്ടം. സ്കൂളില്‍ പഠിക്കുമ്പോഴേ ദിവസക്കൂലിക്ക് ജോലി ചെയ്യാന്‍ പോയിരുന്നു.
അത് കഴിഞ്ഞ് ടെലിഫോണ്‍ ബൂത്തില്‍ ജോലിക്ക് പോയി. പല വാതിലുകളിലും മുട്ടി. ഇന്ന് ആ സ്ഥിതി മാറി. പക്ഷേ ഇന്നും എന്തെങ്കിലും വേണമെന്ന് തോന്നുമ്പോള്‍ അതെനിക്ക് ശരിക്കും വേണോ? എത്രത്തോളം അത് ആവശ്യമുണ്ടെന്ന് ഞാന്‍ ആലോചിക്കും. പഴയ കാലവും സാമ്പത്തിക സ്ഥിതിയും തീരുമാനമെടുക്കാന്‍ സഹായിക്കും.
കഷ്ടപ്പാടും ദുരിതവുമാണ് യൗവ്വനകാലത്തെന്ന് ആളുകള്‍ പറയും. ആ ചോദ്യം പലവട്ടം ഞാന്‍ അഭിമുഖീകരിച്ചിട്ടുണ്ട്. അതെല്ലാം യാഥാര്‍ഥ്യമാണ്. കടക്കാര് വീട്ടില്‍ വന്ന് കാത്തിരിക്കുന്ന സ്ഥിതിയുണ്ടായിട്ടുണ്ട്. പണം തിരികെ ചോദിച്ച് വരുമ്പോള്‍ അച്ഛനൊപ്പമിരുന്ന് പ്രശ്നം പരിഹരിക്കേണ്ടി വന്നിട്ടുണ്ട്. കുട്ടിക്കാലത്ത് രാത്രി ഒന്‍പതരയാകുമ്പോള്‍ അച്ഛന് വീട്ടിലേക്കെത്തും. ബുള്ളറ്റ് മുറ്റത്ത് വച്ച് അകത്തേക്ക് കയറും. കൈയില്‍ അല്പം ഫ്രൈഡ് റൈസുണ്ടാകും, അന്നത്തെ അത്താഴം അതാണ്. അതൊന്നും മറക്കാന്‍ പറ്റില്ല.
പഠനകാലത്ത് താന്‍ അത്ര മിടുക്കനൊന്നും അല്ലായിരുന്നുവെന്നും ശരാശരിയിലും താഴെയായിരുന്നുവെന്നും താരം ഓര്‍ത്തെടുക്കുന്നു. സ്പോര്‍ട്സിലോ, മറ്റ് കലാപരിപാടികളിലോ യാതൊരു താല്‍പര്യവുമുണ്ടായിരുന്നില്ലെന്നും അദ്ദേഹം പറയുന്നു. സെയില്‍സ്മാനായും തട്ടുകടയിലെ കാഷ്യറായും ഫോണ്‍ ബൂത്തിലെ ഓപറേറ്ററായുമെല്ലാം ജോലി ചെയ്താണ് പഠനകാലം കഴിച്ചത്. പിന്നീട് കൊമേഴ്സില്‍ ബിരുദം നേടി, ഡിഗ്രി പൂര്‍ത്തിയാക്കിയതിന് പിന്നാലെ സിമന്റ് കമ്പനിയില്‍ അക്കൗണ്ടന്റായി ദുബായിലേക്ക് ചേക്കേറി. തിരിച്ച് ഇന്ത്യയില്‍ വന്ന ശേഷമാണ് അഭിനയ ലോകത്തേക്ക് താനെത്തുന്നതെന്നും വിജയ് സേതുപതി പറയുന്നു.
മിഷ്കിന്റെ സംവിധാനത്തിലെത്തുന്ന ട്രെയിനാണ് വിജയ് സേതുപതിയുടേതായി പുറത്തിറങ്ങാനുള്ള ഏറ്റവും പുതിയ ചിത്രം. സ്ലംഡോഗ്, അരസന് എന്നീ ചിത്രങ്ങളും അണിയറയിലാണ്.
Movies
ലോകകപ്പ് സെമി ഫൈനൽ മത്സരങ്ങളുടെ ആവേശം നേരിട്ടുകണ്ട സന്തോഷം പങ്കുവെച്ച് പ്രശസ്ത സംഗീതസംവിധായകൻ സ്റ്റീഫൻ ദേവസി. സൂപ്പർതാരങ്ങളായ മോഹൻലാൽ, ഫഹദ് ഫാസിൽ എന്നിവർക്കൊപ്പമാണ് സ്റ്റീഫൻ മത്സരം കണ്ടത്. ഫ്രാൻസ് – സ്പെയിൻ പോരാട്ടവും, ഇംഗ്ലണ്ട് – അർജന്റീന ആവേശപ്പോരും ഗാലറിയിലിരുന്ന് ആസ്വദിച്ച താരം മോഹൻലാലിനൊപ്പം ഈ നിമിഷങ്ങൾ പങ്കിടാൻ കഴിഞ്ഞതിലുള്ള വലിയ സന്തോഷവും കുറിച്ചു.
"ഡാലസിലെ സ്റ്റേഡിയത്തിൽ എന്തൊരു ദിവസമായിരുന്നു ഇത്! ലാലേട്ടനും സുചി ചേച്ചിക്കും എന്റെ സുഹൃത്തും സഹോദരനുമായ അജിക്കുമൊപ്പം ഫ്രാൻസ്-സ്പെയിൻ പോരാട്ടം കണ്ടത് ഈ ദിവസത്തിന് ഇരട്ടി മധുരം നൽകി. അർജന്റീന-ഇംഗ്ലണ്ട് മത്സരം, ലാലേട്ടൻ, ഫഹദ്, അജി, സംഘം എന്നിവർക്കൊപ്പം കണ്ടത് ഫിഫ ലോകകപ്പ് അനുഭവം കൂടുതൽ അവിസ്മരണീയമാക്കി'. സ്റ്റീഫൻ കുറിച്ചു.
മത്സരത്തിനു ശേഷം മോഹൻലാലിനും ഫഹദിനുമൊപ്പമുള്ള ചിത്രങ്ങളും സ്റ്റീഫൻ ആരാധകർക്കായി പങ്കുവെച്ചിട്ടുണ്ട്. സ്റ്റേഡിയത്തിൽ നിന്നുള്ള ദൃശ്യങ്ങൾക്ക് പുറമെ, സൂപ്പർതാരം ലയണൽ മെസി മൈതാനത്ത് വാം അപ്പ് ചെയ്യുന്നതിന്റെ വീഡിയോയും സ്റ്റീഫൻ തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയായി പോസ്റ്റ് ചെയ്തു.
മോഹൻലാലിന്റെ ഭാര്യ സുചിത്ര, ആന്റണി പെരുമ്പാവൂർ, ഭാര്യ ശാന്തി ആന്റണി, പ്രമുഖ വ്യവസായി സമീർ ഹംസ എന്നിവരും ഈ ആവേശനിമിഷങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ ഇവരോടൊപ്പം ഉണ്ടായിരുന്നു. തങ്ങളുടെ പ്രിയതാരങ്ങൾ ഒരുമിച്ച് ലോകകപ്പ് ആസ്വദിക്കുന്നതിന്റെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാണ്.
Movies
താരസംഘടന അമ്മയിലെ അധികാര തർക്കവുമായി ബന്ധപ്പെട്ട വിഷയത്തിൽ അമ്മ അംഗങ്ങൾക്ക് ശ്വേതയുടെയും കമ്മിറ്റി അംഗങ്ങളുടെയും കത്ത്. പിഴവുകൾ സംഭവിച്ചത് അനുഭവക്കുറവ് മൂലമാണെന്നും അത് തിരുത്താൻ ഉള്ള നടപടികൾ തുടങ്ങിയെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു. കൂടുതൽ പക്വതയോടെയും ഉത്തരംവാദിത്തത്തോടെയും മുന്നോട്ട് പോകും.
ഇപ്പോൾ ചുമതല വഹിക്കുന്ന എക്സിക്യൂട്ടിവ് അംഗങ്ങൾ ഉത്തരവാദിത്തങ്ങൾ തുടർന്നും നിർവഹിക്കുമെന്നും സംഘടനയുടെ ദൈനംദിന പ്രവർത്തനങ്ങൾക്ക് ഒരു തടസവുമില്ലെന്നും ശ്വേത വ്യക്തമാക്കി.
അതേസമയം, ശ്വേതയെ എതിർക്കുന്നവർ കത്തിന് മറുപടി നൽകിയിട്ടില്ല. കോടതിയുടെ അന്തിമവിധി വരുന്നത് വരെ കാത്തിരിക്കാനാണ് തീരുമാനം. 27നു എറണാകുളം മുൻസിഫ് കോടതി കേസ് പരിഗണിക്കും.
Movies
സൂര്യയെ നായകനാക്കി ജിത്തു മാധവൻ ഒരുക്കുന്ന സൂര്യ 47 ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. ഴഗരം സ്റ്റുഡിയോസ് ബാനറിൽ നടി ജ്യോതിക ആണ് ചിത്രം നിർമിക്കുന്നത്. സൂര്യയ്ക്ക് പുറമേ മലയാളി താരം നസ്ലനും നിർണായക വേഷം ചെയ്യുന്ന ചിത്രത്തിലെ നായികയായി അഭിനയിക്കുന്നത് നസ്രിയ നസിം ആണ്.
കഴിഞ്ഞ വർഷം അവസാനമാണ് ചെന്നൈയിൽ നടന്ന പൂജ ചടങ്ങുകളോടെ ഈ ചിത്രം ആരംഭിച്ചത്. ചിത്രത്തിന് കേരളത്തിലും ചിത്രീകരണം ഉണ്ടായിരുന്നു. വമ്പൻ ബഡ്ജറ്റിൽ വൻ കാൻവാസിലാണ് ഈ മാസ് എന്റർടെയ്നെർ ചിത്രം ഒരുങ്ങുന്നത്. സൂര്യ ആരാധകരും തെന്നിന്ത്യൻ സിനിമാ പ്രേമികളും ഏറെ ആവേശത്തോടെയാണ് ഈ ചിത്രം കാത്തിരിക്കുന്നത്. ചിത്രത്തിന് സംഗീതമൊരുക്കുന്നത് സുഷിൻ ശ്യാം ആണ്. സുഷിൻ ആദ്യമായി തമിഴിൽ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രമാണിത്.
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ജിത്തു മാധവൻ ആദ്യമായി ഒരുക്കുന്ന തമിഴ് ചിത്രം കൂടിയാണിത്. ജോൺ വിജയ്, ആനന്ദ് രാജ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. ചിത്രത്തിന്റെ താരനിര, സാങ്കേതിക നിര എന്നിവയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്ത് വിടും. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഉൾപ്പെടെയുള്ള അപ്ഡേറ്റുകൾക്കായി ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.
ഛായാഗ്രഹണം -വിനീത് ഉണ്ണി പാലോട്, സംഗീതം -സുഷിൻ ശ്യാം, എഡിറ്റിംഗ് -അജ്മൽ സാബു, പ്രൊഡക്ഷൻ ഡിസൈൻ -അശ്വിനി കാലേ, സംഘട്ടനം -ചേതൻ ഡിസൂസ, പിആർഒ -ശബരി
Movies
വിവാഹത്തിനു മുൻപുണ്ടായിരുന്ന പ്രണയബന്ധത്തെക്കുറിച്ച് തുറന്നുപറഞ്ഞ് നടി സ്വാസിക വിജയ്. മുൻപത്തെ ബന്ധം തെറ്റായ ഒരു തെരഞ്ഞെടുപ്പ് ആയിരുന്നില്ലെന്നും ചില അപ്രതീക്ഷിത കുടുംബ സാഹചര്യങ്ങൾ ആ ബന്ധത്തെ ബാധിക്കുകയായിരുന്നുവെന്നും സ്വാസിക പറഞ്ഞു. ജെഎഫ്ഡബ്ല്യു ബിങ്ക് അഭിമുഖത്തിലാണ് താരം ഇക്കാര്യം പങ്കുവച്ചത്.
‘‘ഞങ്ങൾ സീരിയൽ അഭിനയിക്കുന്ന സമയത്താണ് ഞാനും പ്രേമും പ്രണയത്തിലാകുന്നത്. മനം പോലെ മംഗല്യം എന്ന സീരിയലിന്റെ സമയത്താണ് ഞങ്ങൾ പരിചയപ്പെടുന്നതും ആ സൗഹൃദം പിന്നീട് പ്രണയത്തിലാകുന്നതും. അദ്ദേഹം ഒരു ഗെയിം ഡെലവപ്പർ ആണ്. വീട്ടുകാർക്ക് അഭിനയത്തോട് വലിയ താൽപര്യമില്ലായിരുന്നു. അങ്ങനെ കോവിഡ് സമയത്ത് വർക്ക് ഫ്രം ഹോം വന്നപ്പോഴാണ് പ്രേം സീരിയലിൽ അഭിനയിക്കാൻ എത്തുന്നത്.
ഞങ്ങൾക്ക് രണ്ട് പേർക്കും അഭിനയത്തോട് ഒരുപോലെ പാഷൻ ഉണ്ടായിരുന്നു. ഞങ്ങളുടെ പല ഇഷ്ടങ്ങളും പരസ്പരം തുറന്നു പറഞ്ഞു. ഈ കല്യാണം നടക്കുന്ന സയമത്ത് തന്നെ ഞങ്ങളുടേതായ ജോലിയിൽ തിരക്കിലായിരുന്നു. അദ്ദേഹം ചെന്നൈയിൽ ഒരു സീരിയിൽ ചെയ്യുന്നു, ഞാൻ ഹൈദരാബാദിൽ ഒരു തെലുങ്ക് പടത്തിൽ അഭിനയിക്കുകയായിരുന്നു. ഇൻഡസ്ട്രി തന്നെയാണ് ഞങ്ങളെ തമ്മിൽ ഒന്നിപ്പിച്ചത്.
ആളുകളുടെ ലുക്ക്സിന് നല്ല പോലെ പ്രാധാന്യം കൊടുക്കുന്ന ആളാണ് ഞാൻ. അത് ആളുകള്‍ക്ക് ചിലപ്പോൾ തെറ്റായി തോന്നിയേക്കാം. എന്റെ കാഴ്ചപ്പാടിലുള്ള ആഗ്രഹം അതായിരുന്നു.
സുന്ദരനായ ഒരു പുരുഷൻ എനിക്കു വേണ്ടി വരണമെന്നുണ്ടായിരുന്നു. ലുക്ക്സിൽ ഒരു കാര്യവുമില്ല, നല്ലൊരു ഹൃദയം മതിയെന്ന് പറയുന്നതിലും കാര്യമില്ലെന്നു ഞാൻ പറയുന്നില്ല. പക്ഷേ എനിക്ക് ലുക്ക്സും പ്രാധാന്യമായിരുന്നു. സ്വപ്നം കാണുന്നതിൽ അതിർ ഇല്ലല്ലോ.
ബഹുമാനം കൊടുക്കുന്ന ആള് വേണം, അതായിരുന്നു വേണ്ട ക്വാളിറ്റി. ഭാര്യയെ നോക്കുന്നതുപോലെ തന്നെ അവളുടെ വീട്ടുകാരെയും നല്ല പോലെ നോക്കണം. അത് വച്ച് ഞാൻ പ്രാർഥിച്ചിട്ടുണ്ട്. ആരോഗ്യപരമായ വിവാഹത്തിൽ പരസ്പരമുള്ള വിശ്വാസം തീർച്ചയായും ഉണ്ടായിരിക്കണം. സാഹചര്യങ്ങളെ മനസ്സിലാക്കി കൊണ്ട് കാര്യങ്ങളിൽ തീരുമാനമെടുക്കണം.
എനിക്ക് ഇതിനു മുന്നേയും ഒരു റിലേഷൻഷിപ്പ് ഉണ്ടായിരുന്നു. അതും തെറ്റായ ഒരു ചോയ്സ് അല്ലായിരുന്നു, സുന്ദരനായ ഒരു ആളായിരുന്നു അത്, എനിക്ക് ബഹുമാനം തരികയും നന്നായി സംസാരിക്കുകയും പെരുമാറുകയും ചെയ്യുന്ന ആളായിരുന്നു. എല്ലാം നല്ലതു തന്നെയായിരുന്നു. പക്ഷേ, പെട്ടെന്ന് വൈകാരികമായി ഒരു സ്ഥിരത ഇല്ലാതെയായി. അദ്ദേഹത്തിന്റെ കുടുംബത്തിൽ സാമ്പത്തികമായി ചില പ്രശ്നങ്ങൾ വന്നു. കുടുംബത്തിൽ സാമ്പത്തിക പ്രശ്നം വന്നപ്പോൾ അതും പ്രണയജീവിതവും ഒരുമിച്ച് കൊണ്ടുപോകാൻ സാധിക്കാതെയായി.
ആ സമയത്ത് അദ്ദേഹത്തിന്റെ അച്ഛനും ജ്യേഷ്ഠനും ഒക്കെ മരിച്ചുപോയിരുന്നു, കുടുംബത്തിലെ മോശം സമയവും സാമ്പത്തിക പ്രശ്നങ്ങളും കൊണ്ട് അദ്ദേഹവും മാനസികമായി തകർന്നുപോയിരുന്നു. അങ്ങനെ പതിയെ പതിയെ എന്നിൽ നിന്ന് അദ്ദേഹം അകന്നുപോയി. അങ്ങനെ ആണ് അത് ബ്രേക്ക്അപ്പ് ആയത്. അല്ലാതെ എന്റെ തീരുമാനം തെറ്റായിരുന്നില്ല,’’ സ്വാസിക പറയുന്നു.
Movies
തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്യെ നേരിൽ കണ്ട ആശംസകൾ അറിയിച്ച സന്തോഷം പങ്കുവച്ച് നടനും നിർമാതാവുമായ ശിവ കാർത്തികേയൻ. മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി പൂച്ചെണ്ട് നൽകിയാണ് താരം വിജയ്യെ അനുമോദിച്ചത്.
വിജയ്യുടെ ഈ യാത്ര അസാധാരണം ആണെന്ന് ശിവകാർത്തികേയൻ കുറിച്ചു. ‘‘ഹൃദയങ്ങളെ രസിപ്പിക്കുന്നത് മുതൽ സംസ്ഥാനത്തെ നയിക്കുന്നത് വരെ... ചില യാത്രകൾ തികച്ചും അസാധാരണമാണ്. നമ്മുടെ ബഹുമാനപ്പെട്ട തമിഴ്നാട് മുഖ്യമന്ത്രി തിരു സി. ജോസഫ് വിജയ് സാറിനെ അഭിവാദ്യം ചെയ്യാൻ കഴിഞ്ഞത് ഒരു ബഹുമതിയായി കരുതുന്നു.
Movies
ഹോംലി മീൽസ്, ബെൻ, പൊമ്പളൈ ഒരുമൈ, മ്യൂസിക്കൽ ചെയർ എന്നീ ചിത്രങ്ങൾക്ക് ശേഷം വിപിൻ ആറ്റ്ലി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന കോമഡി ഫാന്റസി ചിത്രമായ ആന്റപ്പന്റ അത്ഭുത പ്രവർത്തികൾ 17ന് പ്രദർശനത്തിനെത്തുന്നു.
കേരള സെൻസർ ബോർഡ് നിരസിച്ച ഈ ചിത്രം, മുംബൈയിലെ റിവ്യൂ കമ്മിറ്റിയിൽനിന്ന് എ സർട്ടിഫിക്കറ്റോടെയാടെയാണ് പ്രദർശനാനുമതി ലഭിച്ചിട്ടുള്ളത്. വിപിൻ ആറ്റ്ലി, സാജിദ് യാഹ്യ എന്നിവരോടൊപ്പം ഡോമിനിക്, കലേഷ് കണ്ണാട്ട്, ജെറി ജെക്കബ്, സൂരജ് ടോം, രഞ്ജിനി മേനോൻ, ശർമാജി, ജോസ് മുനമ്പം, മോസപ്പൻ, ഡിക്സൺ പൊടുത്താസ്, ഷാഫി ചെമ്മാട്, ഉണ്ണി ശിവപാൽ, ട്വിങ്കിൾ ജോബി, മഞ്ജുശ്രീ, ശ്രീജ ദാസ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു.
മാക്രോം പിക്ച്ചേഴ്സ് അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സന്തോഷ് അനിമ നിർവഹിക്കുന്നു. സംഗീതം-ഗോപി സുന്ദർ, ഗാനരചന-വിപിൻ ആറ്റ്ലി, സെന്തിൽ കുമാർ, ഗോവിന്ദ് രാജ്, ദീപക് ശങ്കർ, എഡിറ്റർ-രാജേഷ് കോടോത്ത്, ഗോപകുമാർ നമ്പ്യാർ, പ്രൊഡക്ഷൻ കൺട്രോളർ-ഡിക്സൺ പൊടുത്താസ്, പ്രൊഡക്ഷൻ ഡിസൈനർ-മോസപ്പൻ, കല-സൂരജ് കുറവിലങ്ങാട്, മേക്കപ്പ്-രാജേഷ് നെടുങ്കണ്ടം, കോസ്റ്റ്യൂംസ്-സുനിൽ ജോർജ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ-ആതിര യൂജിൻ, അഭിലാഷ് ചന്ദ്രൻ, നീതു മാത്യു, യൂജിൻ ഐസക്, ഓഡിയോഗ്രാഫി- മനോജ് മാത്യു, ഡിഐ-അഖിൽ പ്രസാദ്, സ്റ്റിൽസ്- ലിനു ഏബ്രഹാം കുര്യൻ, പരസ്യകല-ആർട്ടോ കാർപ്പസ്, പിആർഒ-എ.എസ്. ദിനേശ്.
Movies
സോഷ്യൽ മീഡിയയിൽ മഞ്ജു വാര്യർ പങ്കുവച്ചൊരു വീഡിയോയാണ് ഇപ്പോൾ ആരാധകർ ഏറ്റെടുക്കുന്നത്. തന്റെ പ്രിയപ്പെട്ട വളർത്തുനായ്ക്കുട്ടിയുടെ മനോഹരമായൊരു ചിത്രം വരച്ചാണ് ഇത്തവണ ആരാധകരെ താരം ഞെട്ടിച്ചിരിക്കുന്നത്.
താൻ വരച്ച ചിത്രം വളർത്തുനായ്ക്കുട്ടിയുടെ മുന്നിൽ വെച്ച് സർപ്രൈസ് ആയി തുറന്നു കാട്ടുന്ന ഒരു ക്യൂട്ട് വീഡിയോയാണ് മഞ്ജു ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്. മഞ്ജുവിന്റെ അമ്മ, സഹോദരനും സംവിധായകനുമായ മധു വാര്യർ, അദ്ദേഹത്തിന്റെ ഭാര്യയും മകളും അടങ്ങുന്ന കുടുംബാംഗങ്ങളെല്ലാം ഈ വീഡിയോയിലുണ്ട്.
Movies
തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്യെ സന്ദർശിച്ച് തെന്നിന്ത്യൻ താരം വരലക്ഷ്മി ശരത്കുമാറും ഭർത്താവ് നിക്കോളായ് സച്ദേവും. കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ വരലക്ഷ്മി തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ ആരാധകർക്കായി പങ്കുവെച്ചു.
ചിത്രങ്ങൾക്കൊപ്പം താരം കുറിച്ച വൈകാരികമായ വരികളും ഇപ്പോൾ ശ്രദ്ധ നേടുകയാണ്. താൻ എന്നും ഒരു കടുത്ത വിജയ് ആരാധകിയാണെന്ന് പരസ്യമായി പ്രഖ്യാപിച്ചുകൊണ്ടാണ് വരലക്ഷ്മിയുടെ കുറിപ്പ്. വർഷങ്ങൾക്ക് മുൻപ് വിജയ് നായകനായ സൂപ്പർഹിറ്റ് ചിത്രം സർക്കാരിൽ താൻ ചെയ്ത ശ്രദ്ധേയമായ വില്ലൻ വേഷത്തെക്കുറിച്ചുള്ള ഓർമ്മകളും താരം ഈ കുറിപ്പിൽ പങ്കുവെച്ചിട്ടുണ്ട്.
വരലക്ഷ്മിയുടെ കുറിപ്പ്
ഈ പോസ്റ്റിൽ എന്ത് എഴുതണം എന്ന് ഞാൻ ഒത്തിരി ആലോചിച്ചു. പക്ഷേ, ഇതിനോടകം തന്നെ എല്ലാവരും എല്ലാം പറഞ്ഞു കഴിഞ്ഞല്ലോ.. അതുകൊണ്ട് ഒരൊറ്റ കാര്യം മാത്രം പറയാം..
ആളുകൾ നൂറു കൂട്ടം വർത്തമാനങ്ങൾ പറഞ്ഞുകൊണ്ടേയിരിക്കും.. പക്ഷേ ഒടുവിൽ, വിജയം നമ്മുടെ സ്വന്തം സി. ജോസഫ് വിജയ്ക്കാണ്. അദ്ദേഹം നമ്മുടെ മുഖ്യമന്ത്രിയാണ്, ആ പദവിയിൽ അദ്ദേഹം തുടരുക തന്നെ ചെയ്യും..!!
കുറ്റപ്പെടുത്താൻ ആർക്കും എളുപ്പമാണ്. എന്നാൽ ആദ്യത്തെ ശ്രമത്തിൽ തന്നെ മുഖ്യമന്ത്രി കസേരയിലേക്ക് തിരഞ്ഞെടുക്കപ്പെടണമെങ്കിൽ അതിന് അസാധാരണമായ ധൈര്യവും നിശ്ചയദാർഢ്യവും തമിഴ് ജനതയുടെ അളവറ്റ സ്നേഹവും വേണം..! ഈ വലിയ ജനവിധിയെ നമുക്ക് ആദരവോടെ നെഞ്ചിലേറ്റാം.
Movies
ആസിഫ് അലിയെ നായകനാക്കി ജിസ് ജോയ് സംവിധാനം ചെയ്യുന്ന കോട്ടയം ബൽറ്റ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തൃശൂരിൽ ആരംഭിച്ചു. ഇന്ന് നടന്ന പൂജ ചടങ്ങിൽ സംവിധായകനും എഴുത്തുകാരും താരങ്ങളും ചേർന്ന് വിളക്ക് കൊളുത്തി. എഴുത്തുകാരൻ സന്തോഷ് ഏച്ചിക്കാനം സ്വിച്ച് ഓൺ നിർവഹിച്ചു. ആസിഫ് അലിയുടെ മക്കള്‍ ആദവും ഹയയും ചേർന്ന് ഫസ്റ്റ് ക്ലാപ്പടിച്ചു.
ഡ്രീം കാച്ചർ പ്രൊഡക്ഷൻസ്, കൈലാഷ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ടി.ആർ. ഷംസുദ്ദീൻ, വേണു ഗോപാലകൃഷ്ണൻ എന്നിവരാണ് ഈ ചിത്രം നിർമിക്കുന്നത്.
കിഴക്കൻ മലയോര ഗ്രാമത്തിലെ ക്രിസ്ത്യൻ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഫാമിലി ത്രില്ലറായിട്ടാണ് ഈ ചിത്രത്തിന്റെ അവതരണം. ആളും അർത്ഥവും മനോബലവുംകൊണ്ടും ആർക്കും പ്രതിരോധിക്കാൻ കഴിയാത്ത നാലു സഹോദരങ്ങളുടെ ജീവിത കഥയാണ് സംഘർഷഭരിതമായ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്.
ആസിഫ് അലിക്കു പുറമേ വിജയരാഘവൻ, ഷൈൻ ടോം ചാക്കോ, ജഗദീഷ് ശ്രുതി രാമചന്ദ്രൻ, അശോകൻ ബോബി കുര്യൻ, അലൻസിയർ, വിഷ്ണു അഗസ്ത്യ, ഫർഹാൻ ഫാസിൽ, ശ്രീകാന്ത് മുരളി, പ്രേംപ്രകാശ്, വിനീത്, ജിനു ജോസഫ്, ചെമ്പിൽ അശോകൻ, രഞ്ജിത്ത് ശേഖർ, സാന്ദ്ര ചന്ദ്രൻ, എയ്ക ദേവ്, നിധിൻ പ്രസന്ന എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.
തിരക്കഥ - സുരേഷ് ഗോപാലൻ, ക്രിയേറ്റീവ് കോൺടി ബ്യൂട്ടർ-ബോബി സഞ്ജയ്. ഗോവിന്ദ് വസന്തയുടേതാണു സംഗീതം -ഛായാഗ്രഹണം - ബിനേന്ദ്ര മേനോൻ. എഡിറ്റിംഗ് - സൂരജ് ഇ.എസ്. കലാസംവിധാനം - അജയൻ മങ്ങാട്. കോസ്റ്റ്യം ഡിസൈൻ- സമീരാ സനീഷ്. സ്റ്റിൽസ് ബിജിത്ത് ധർമ്മടം. ചീഫ് അസോസിയേറ്റ് ഡയറക്ടർ - സാഗർ. പ്രൊഡക്ഷൻ കൺട്രോളർ- ജാവേദ്.
ജൂലൈ പതിനഞ്ചു മുതൽ ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം തൊടുപുഴ, കൊച്ചി , കോട്ടയം, തൃശൂർ എന്നിവിടങ്ങളിലായി പൂർത്തിയാകും. പിആർഒ-വാഴൂർ ജോസ്.
Movies
ധ്യാൻ ശ്രീനിവാസൻ അമ്മയുടെ പ്രസിഡന്റ് ആയാൽ എങ്ങനെയുണ്ടാകുമെന്ന് നടൻ അജു വർഗീസ്. ധ്യാൻ എല്ലാ കാര്യങ്ങളും വെട്ടിത്തുറന്നു പറയുന്ന ആളാണെന്നും അതുകൊണ്ട് സംഘടനയിലെ കാര്യങ്ങളെല്ലാം എല്ലാവർക്കും മുന്നിൽ തുറന്ന പുസ്തകമായിരിക്കുമെന്നും അജു വർഗീസ് പറയുന്നു.
ശ്രീനിവാസന്റെ അതേ നർമ്മവും സറ്റയറും സർക്കാസവും ധ്യാൻ അതേപടി തുടരുന്നുണ്ടെന്നും, ഒരു സുഹൃത്ത് എന്ന നിലയിൽ അത് കാണുമ്പോൾ ഏറെ സന്തോഷമുണ്ടെന്നും അജു പറഞ്ഞു.
‘‘ധ്യാൻ പറയുന്ന വാക്കുകൾ കേൾക്കുമ്പോൾ എനിക്ക് ഒറ്റവാക്കിൽ പറഞ്ഞു കഴിഞ്ഞാൽ തോന്നും, ശ്രീനിവാസൻ സാറിന്റെ ഏറ്റവും മികച്ച തിരക്കഥ അത് ധ്യാൻ ശ്രീനിവാസൻ മാത്രമാണ്. അതിൽ കൂടുതലൊന്നും ഇപ്പോൾ പറയാനില്ല, അദ്ദേഹത്തിന്റെ അതേ നർമ്മങ്ങളും, സറ്റയറും, സർക്കാസവും ഒക്കെ ഉള്ള ആ ലെഗസി തുടരുന്നത് കാണുമ്പോൾ എനിക്ക് ഒരു സുഹൃത്ത് എന്നുള്ള നിലയിൽ സന്തോഷം മാത്രമേ ഉള്ളൂ.
എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഒരു കാര്യം ധ്യാൻ ആണ് യഥാർത്ഥ സോഷ്യലിസ്റ്. ആ സോഷ്യലിസ്റ്റ് മനോഭാവം ജീവിതത്തിലും കൊണ്ടുനടക്കുന്ന, ഞാൻ കണ്ടേക്കുന്ന ഒരേ ഒരാൾ ധ്യാൻ ശ്രീനിവാസൻ ആണ്. അത് ഇനിയും തുടരാൻ അദ്ദേഹത്തിന് സാധിക്കട്ടെ.
'അമ്മ' എന്ന സംഘടനയുടെ വിശേഷങ്ങൾ പറഞ്ഞതുകൊണ്ട് പറയുകയാണ്, എന്റെ അഭിപ്രായത്തിൽ ധ്യാൻ ഈ പറഞ്ഞ കാരണങ്ങൾ കൊണ്ട് തന്നെയാണ് അദ്ദേഹം ‘അമ്മ’യുടെ തലപ്പത്ത് വന്നാൽ നന്നാകുമെന്ന് ഞങ്ങൾക്കൊക്കെ തോന്നിയത്, വേറൊന്നും കൊണ്ടല്ല. അദ്ദേഹം നടക്കുന്നതൊക്കെ വിളിച്ചു പറയും, അവിടുത്തെ കാര്യങ്ങൾ വിളിച്ചു പറയാൻ വേറെ ആരും വേണ്ട.
ചില യുട്യൂബെർസിനൊക്കെ സന്തോഷമാകും ഒറ്റയടിക്ക് എല്ലാം കിട്ടും, അതുകൊണ്ടാണ് ഞാൻ പറഞ്ഞത്. പക്ഷേ അത് ഏറ്റെടുക്കാൻ പുള്ളിക്ക് വലിയ താൽപ്പര്യമൊന്നും ഉണ്ടാകില്ല. ഇവൻ വന്നാൽ ബാക്കി കാര്യങ്ങളൊക്കെ ഇടവേള ബാബുച്ചേട്ടനെ ഒക്കെ ഏൽപ്പിച്ച് ‘അമ്മ’യിൽ കാര്യങ്ങൾ നടത്താം, അതൊക്കെക്കൊണ്ടാണ് അങ്ങനെ പറഞ്ഞത്. ’’ അജു വർഗീസ് പറഞ്ഞു
Movies
ബോളിവുഡ് താരം ആമിര്‍ ഖാനും ഗൗരി സ്പ്രാറ്റും തമ്മിലുള്ള വിവാഹത്തിന് പിന്നാലെ വലിയ സൈബർ ആക്രമണമാണ് ഇവർ നേരിടുന്നത്. ആമിര്‍ ഖാന് ലവ് ജിഹാദിന്റെ ബ്രാൻഡ് അംബാസഡര്‍ ആണെന്നായിരുന്നു നടനെതിരെ ഉയർന്ന പ്രധാന വിമർശനം. ഇപ്പോഴിതാ ഇതിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ആമിർ.
തന്റെ കുടുംബം എല്ലായ്പ്പോഴും മിശ്രവിവാഹങ്ങളെ സ്വീകരിച്ചിരുന്നുവെന്നാണ് ആമിർ പറയുന്നത്. തന്റെ ഒരു വിവാഹത്തിൽ പോലും മതപരിവർത്തനം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. റെഡ്ഡിഫിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഖാൻ.
'ഞങ്ങളുടേത് എല്ലാവരേയും ഉൾക്കൊള്ളുന്ന കുടുംബമാണെന്നതാണ് സത്യം. എന്റെ രണ്ട് സഹോദരിമാരും ഹിന്ദുക്കളെയാണ് വിവാഹം ചെയ്തത്. എന്റെ മകളും ജീവിതപങ്കാളിയായി സ്വീകരിച്ചത് ഹിന്ദുവിനെയാണ്. എന്റെ കസിൻ മൻസൂറാകട്ടെ ക്രിസ്ത്യാനിയായ പെൺകുട്ടിയെയാണ് വിവാഹം ചെയ്തത്.
ഗൗരിയാകട്ടെ, റീനയാകട്ടെ, കിരണാകട്ടെ, ആരും മതം മാറിയിട്ടില്ല. ഞങ്ങൾ സിവിൽ നിയമപ്രകാരമാണ് വിവാഹം ചെയ്തത്. ഗൗരി ഹിന്ദു പോലുമല്ല. അവൾ ക്രിസ്ത്യാനിയാണ്. മതവിശ്വാസം അനുഷ്ഠിക്കാത്ത ക്രിസ്ത്യാനി. കാലം കഴിയുന്തോറും ജീവിതം കൂടുതൽ രസകരമാകുകയാണ്.' ആമിർ ഖാൻ പറഞ്ഞു.
റീന ദത്തയാണ് ആമിറിന്റെ ആദ്യഭാര്യ. ഇരുവരും 1986-ലാണ് വിവാഹിതരായത്. 2002-ൽ ആമിറും റീനയും വേർപിരിഞ്ഞു. പിന്നീട് 2005-ൽ കിരൺ റാവുവിനെ ആമിർ വിവാഹം ചെയ്തു. 2021-ലാണ് ഇരുവരും ബന്ധം വേർപിരിഞ്ഞത്.
ഈ മാസം ആദ്യമാണ് ബോളിവുഡ് താരം ആമിർ ഖാനും കാമുകി ഗൗരി സ്പ്രാട്ടും വിവാഹിതരായത്. ബാന്ദ്രയിലെ വസതിയിൽ അടുത്ത ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സാന്നിധ്യത്തിലായിരുന്നു രജിസ്റ്റർ വിവാഹം. ആമിറിന്റെ മുൻഭാര്യമാരായ കിരൺ റാവുവും റീന ദത്തയും ഇവരുടെ മക്കളുമെല്ലാം വിവാഹത്തിൽ പങ്കെടുത്തിരുന്നു.
Movies
ആരാധകർ കാത്തിരുന്ന വിജയ്യുടെ സിനിമാ ജീവിതത്തിലെ അവസാന സിനിമയായ ‘ജനനായകൻ’ ജൂലൈ 23ന് തിയറ്ററുകളിലെത്തും. ചിത്രത്തിന് സെൻസർ ബോർഡ് എ സർട്ടിഫിക്കറ്റ് ആണ് നൽകിയത്.
കഴിഞ്ഞ ജനുവരി ഒൻപതിനായിരുന്നു ജനനായകന് തിയറ്ററില്‍ എത്തേണ്ടിയിരുന്നത്. സിനിമയില്‍ നിന്നും രാഷ്ട്രീയത്തിലേക്ക് ചുവടുമാറ്റിയ ടിവികെ സ്ഥാപകന്‍ വിജയ്യുടെ അവസാന ചിത്രമാണ് ജനനായകൻ.
എന്നാല്‍ സര്‍ട്ടിഫിക്കറ്റ് നല്കാന് സെന്‍സര്‍ ബോര്‍ഡ് വിസമ്മതിച്ചതോടെ റിലീസ് അനിശ്ചിതത്വത്തിലാകുകയായിരുന്നു. ജനനായകന്റെ സംഭാഷണങ്ങളില്‍ മാറ്റം വരുത്തണമെന്നും ചില ഭാഗങ്ങള്‍ ഒഴിവാക്കണമെന്നുമായിരുന്നു സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശം. എന്നാല്‍ ഈ മാറ്റങ്ങള്‍ വരുത്തിയെങ്കിലും സര്‍ട്ടിഫിക്കറ്റ് സെന്‍സര്‍ബോര്‍ഡ് നല്‍കിയില്ല.
Movies
അന്‍സിബ ഹസന്റെ പരാതിയില്‍ നടന് ടിനി ടോമിന് മുന്‍കൂര്‍ ജാമ്യം. എറണാകുളം സെഷന്‍സ് കോടതിയാണ് കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്. അന്‍സിബയുടെ പരാതിയില്‍ കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് കടവന്ത്ര പോലീസ് ടിനി ടോമിനെതിരെ കേസെടുത്തത്.
സ്ത്രീത്വത്തെ അപമാനിക്കല്‍, ലൈംഗികച്ചുവയുള്ള പരാമര്‍ശങ്ങള്‍, മതം പറഞ്ഞ് അധിക്ഷേപിക്കല്‍, ഗൂഢാലോചന ഉള്‍പ്പെടെ ഗുരുതരമായ വകുപ്പുകള്‍ ചുമത്തിയാണ് ടിനി ടോമിനെതിരെ കേസ് എടുത്തത്.
അമ്മ സംഘടനയുടെ മീറ്റിംഗുകളിലും റിഹേഴ്സല്‍ ക്യാമ്പുകളിലുംവച്ച് ടിനി ടോം തനിക്കെതിരെ അശ്ലീല പരാമര്‍ശങ്ങളും ലൈംഗികച്ചുവയുള്ള അധിക്ഷേപങ്ങളും നടത്തിയെന്നാണ് അന്‍സിബയുടെ പരാതിയില്‍ പറയുന്നത്.
"ജിഹാദി' എന്നും "മതതീവ്രവാദി' എന്നും നടിയെ വിളിച്ച് ആക്ഷേപിച്ചതായും നടന്റെ ഡ്രൈവറെ മതം മാറ്റാന്‍ അന്‍സിബ ശ്രമിച്ചുവെന്ന തരത്തില്‍ വ്യാജ പ്രചാരണം നടത്തിയതായും പരാതിയിലുണ്ട്.
നേരത്തെ കേസില്‍ പ്രാഥമിക അന്വേഷണം നടത്തിയ കടവന്ത്ര പോലീസ് പരാതി കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തിലുള്ളതാണെന്നും പരാതിയില്‍ കഴമ്പില്ലാത്തതിനാല്‍ കേസ് എടുക്കാന്‍ കഴിയില്ലെന്നും കാണിച്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
ഇത് പൂര്‍ണമായും തള്ളിക്കൊണ്ടാണ് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ കോടതി ഉത്തരവിട്ടത്. നടി നീന കുറുപ്പ് അടക്കമുള്ള സാക്ഷികള്‍ ടിനി ടോം അധിക്ഷേപിച്ചതായി കൃത്യമായി മൊഴി നല്‍കിയിട്ടും എന്തുകൊണ്ടാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ വൈകിയതെന്ന് കോടതി ചോദിച്ചിരുന്നു.
Movies
സൈജു കുറുപ്പ്, അജു വർഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എം.എ. നിഷാദ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ലർക്ക് 24ന് പ്രദർശനത്തിനെത്തുന്നു.
എലൈറ്റ് ഗ്രൂപ്പ് ഓഫ് കമ്പനീസ്, ബ്രിക്ക് സ്ട്രീറ്റ് ആൻഡ് കോ, സെൻസ് അഡ്വഞ്ചർ ടൂർസ്, അരുൺ കുമാർ ടി.വി, മനോജ് രത്നാകരൻ എന്നിവരാണ് കേരള ടാക്കിസിന്റെ ബാനറിൽ നിർമിക്കുന്ന ഈ ചിത്രത്തിന്റെ സഹ നിർമാതാക്കൾ.
ആർ. ഹരികുമാർ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ടി.ജി. രവി, പ്രശാന്ത് അലക്സാണ്ടർ, എം.എ. നിഷാദ്, ജാഫർ ഇടുക്കി, സുധീർ കരമന, പ്രശാന്ത്മുരളി, വിജയ് മേനോൻ, സജി സോമൻ, ബിജു സോപാനം, സോഹൻ സീനുലാൽ, വിനോദ് കെടാമംഗലം, കുമാർ സുനിൽ, രെജു ശിവദാസ്, ബിജു കാസിം, ഫിറോസ് അബ്ദുളള, അച്ഛൽ മോഹൻദാസ്, കൃഷ്ണരാജ്, ഷാക്കിർ വർക്കല, അഖിൽ നമ്പ്യാർ, ഡോക്ടർ സജീഷ്, റഹീം മാർബൺ, അനുമോൾ, മഞ്ജു പിള്ള, മുത്തുമണി, സരിത കുക്കു, സന്ധ്യാ മനോജ്, സ്മിനു സിജോ, രമ്യാ പണിക്കർ, ബിന്ദു പ്രദീപ്, നീതാ മനോജ്, ഷീജാ വക്കപ്പാടി, അനന്ത ലക്ഷ്മി, ബീനാ സജി കുമാർ, ഭദ്ര തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു.
തിരക്കഥ സംഭാഷണം-ജുബിൻ ജേക്കബ്, ഛായാഗ്രഹണം-രജീഷ് രാമൻ, എഡിറ്റിംഗ്-വിപിൻ മണ്ണൂർ, പശ്ചാത്തല സംഗീതം-പ്രകാശ് അലക്സ്, ഓഡിയോഗ്രാഫി-ഗണേശ് മാരാർ, സംഗീതം-മിനീഷ് തമ്പാൻ, ഗാനരചന-മനു മഞ്ജിത്ത്, ഗായകർ-സുധീപ് കുമാർ, നസീർ മിന്നലെ, എം.എ. നിഷാദ്, സൗണ്ട് ഡിസൈൻ- ജുബിൻ രാജ്, പ്രൊഡക്ഷൻ കൺട്രോളർ-എസ്. മുരുകൻ, കല-ത്യാഗു തവനൂർ, മേക്കപ്പ്- സജി കാട്ടാക്കട, കോസ്റ്റ്യൂം-ഇർഷാദ് ചെറുകുന്ന്, അസോസിയേറ്റ് ഡയറക്ടർ-ഷെമീർ പായിപ്പാട്, ഫിനാൻസ് കൺട്രോളർ-നിയാസ് എഫ്. കെ, ഗ്രാഫിക്സ്-ഷിറോയി ഫിലിം സ്റ്റുഡിയോ എൽഎൽസി, വിതരണം-മാൻ മീഡിയ, സ്റ്റുഡിയോ ചിത്രാഞ്ജലി, ഡോൾബി അറ്റ്മോസ്-ഏരീസ് വിസ്മയ, സ്റ്റിൽസ്-അജി മസ്കറ്റ്, ഡിസൈൻ-യെല്ലോ ടൂത്ത്സ്, മാർക്കറ്റിംഗ്-ടാഗ് 360, പിആർഒ-എ.എസ്. ദിനേശ്.
Movies
അന്യഗ്രഹജീവികൾ തന്നെ പിന്തുടരുന്നുണ്ടെന്ന വിചിത്ര വാദവുമായി ഹോളിവുഡ് താരം ജെയിംസ് ഫ്രാങ്കോ രംഗത്ത്. താൻ പറയുന്നത് ആരും വിശ്വസിക്കുന്നില്ലെന്നും എല്ലാവരും തന്നെ ഭ്രാന്തനായി മുദ്രകുത്തുകയാണെന്നും ആരോപിച്ചുകൊണ്ടാണ് താരം ടിക്ടോക്കിൽ വീഡിയോ പങ്കുവച്ചത്.
തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെട്ടുവെന്നും യാഥാർത്ഥ്യം പുറത്തുവിടാതിരിക്കാൻ പലരും തന്നെ തടയുകയാണെന്നും ഫ്രാങ്കോ അവകാശപ്പെടുന്നു.
തന്റെ വാദങ്ങൾ തെളിയിക്കുന്നതിനായി വീടിന്റെ സുരക്ഷാ കാമറയിൽ പതിഞ്ഞ ചില ബ്ലാക്ക് ആൻഡ് വൈറ്റ് ദൃശ്യങ്ങളും താരം പുറത്തുവിട്ടിട്ടുണ്ട്. വീടിന്റെ ജനലിലൂടെയും പശ്ചാത്തലത്തിലും അന്യഗ്രഹജീവിയുടേതിന് സമാനമായ ഒരു രൂപം എത്തിനോക്കുന്നതാണ് ഈ ദൃശ്യങ്ങളിലുള്ളത്.
എന്നാൽ ദൃശ്യങ്ങൾ പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിൽ വലിയ പരിഹാസമാണ് താരത്തിന് നേരെ ഉയരുന്നത്. ഏതോ ഹാലോവീൻ കടയിൽ നിന്ന് വാങ്ങിയ വിലകുറഞ്ഞ മാസ്ക് വച്ചാണ് താരം ആളുകളെ പറ്റിക്കുന്നതെന്നും, കൂടുതൽ വ്യക്തതയുള്ള വിഡിയോ കാണാൻ പണം നൽകി സബ്സ്ക്രിപ്ഷൻ എടുക്കണമെന്ന് താരം ആവശ്യപ്പെടുന്നത് തട്ടിപ്പിന്റെ ഭാഗമാണെന്നും വിമർശകർ പറയുന്നു.
ഒരു പ്രശസ്ത താരം ഇത്തരമൊരു മണ്ടത്തരം വീഡിയോയുമായി വരുന്നത് കഷ്ടമാണെന്നും, യഥാർഥ ഏലിയൻ ഗവേഷണങ്ങളെപ്പോലും ആളുകൾ തമാശയായി കാണാൻ ഇത് ഇടയാക്കുമെന്നും പലരും അഭിപ്രായപ്പെടുന്നു.
പ്രശസ്ത ഹോളിവുഡ് ചിത്രമായ 127 അവേഴ്സ് എന്ന സിനിമയിലൂടെ ഓസ്കർ നാമനിർദ്ദേശം വരെ ലഭിച്ച മികച്ചൊരു നടനാണ് ജെയിംസ് ഫ്രാങ്കോ. അതുകൊണ്ടുതന്നെ ഇതൊരു സാധാരണ തട്ടിപ്പ് വിഡിയോ ആകാൻ വഴിയില്ലെന്നും, താരത്തിന്റെ റിലീസാകാൻ പോകുന്ന പുതിയ ചിത്രമായ 'ലവ് മീറ്റ്സ് ഇൻ ദി സൺഷൈൻ' എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായുള്ള പബ്ലിസിറ്റി സ്റ്റണ്ട് ആയിരിക്കാം ഇതെന്നുമാണ് സിനിമാ ലോകത്തെ സംസാരം.
Movies
ആഭ്യന്തര കലഹങ്ങൾക്കും നീണ്ട നിയമപോരാട്ടങ്ങൾക്കും വിരാമമിട്ട് ശ്വേത മേനോൻ പ്രസിഡന്റായുള്ള താരസംഘടന അമ്മയുടെ ഭരണസമിതി ഔദ്യോഗിക പ്രവർത്തനങ്ങൾ പുനരാരംഭിച്ചു.
അഡ്ഹോക്ക് കമ്മിറ്റിയുടെ പ്രവർത്തനങ്ങൾക്ക് കോടതി സ്റ്റേ അനുവദിച്ച പശ്ചാത്തലത്തിലാണ് പഴയ ഭരണസമിതി വീണ്ടും ചുമതലയേറ്റ് പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ തീരുമാനിച്ചത്.
ശ്വേത മേനോന്റെ അധ്യക്ഷതയിൽ ചേർന്ന ആദ്യ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിൽ സംഘടനയുടെ സാമ്പത്തിക കണക്കുകൾ അംഗങ്ങളെ ബോധിപ്പിക്കുന്നതിനാണ് മുൻഗണന നൽകാൻ നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ ഇതിനായി സംഘടനയ്ക്ക് മുന്നിൽ പുതിയൊരു സാങ്കേതിക പ്രതിസന്ധി ഉയർന്നുവന്നിട്ടുണ്ട്. ബൈലാ പ്രകാരം സംഘടനയുടെ സാമ്പത്തിക കണക്കുകൾ പൊതുസഭയ്ക്ക് മുന്നിൽ അവതരിപ്പിക്കുന്നതിനും അവ സാക്ഷ്യപ്പെടുത്തുന്നതിനും ട്രഷററുടെ ഒപ്പും സാന്നിധ്യവും അനിവാര്യമാണ്.
ട്രഷറർ ഒപ്പിടാതെ എങ്ങനെയാണ് ഈ കണക്കുകൾ ഔദ്യോഗികമായി അംഗങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുക എന്ന കാര്യത്തിൽ ഇപ്പോഴും കമ്മിറ്റിക്കുള്ളിൽ കൃത്യമായ ഒരു വ്യക്തത കൈവന്നിട്ടില്ലെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.
കഴിഞ്ഞ ജനറൽ ബോഡി യോഗത്തിൽ സാമ്പത്തിക കണക്കുകൾ കൃത്യമായി അവതരിപ്പിക്കാൻ കഴിയാതെ പോയത് താരസംഘടനയായ അമ്മയ്ക്കുള്ളിൽ വലിയ ചർച്ചകൾക്കും തർക്കങ്ങൾക്കും വഴിവെച്ചിരുന്നു. ഈ സാഹചര്യത്തിൽ, മുൻകാല പിഴവുകൾ പൂർണമായി പരിഹരിച്ച് സംഘടനയിലെ 543 അംഗങ്ങൾക്കും സുതാര്യമായ കണക്കുകൾ മുന്നിലെത്തിക്കുക എന്ന വലിയ ദൗത്യമാണ് പുതിയ സമിതിക്ക് മുന്നിലുള്ളത്. കണക്കുകളിൽ യാതൊരുവിധ ക്രമക്കേടുകളോ പിഴവുകളോ ഇല്ലെന്ന് അംഗങ്ങളെ ബോധ്യപ്പെടുത്താൻ സമിതി പ്രത്യേകം ശ്രദ്ധ ചെലുത്തുന്നുമുണ്ട്.
സാധാരണ ഗതിയിൽ പുതിയൊരു ജനറൽ ബോഡി യോഗം വിളിച്ച് കണക്കുകൾ അവതരിപ്പിക്കുന്നത് വലിയ പണച്ചിലവുള്ള കാര്യമാണ്. ചാരിറ്റി പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകുന്ന അമ്മയെപ്പോലൊരു സംഘടനയ്ക്ക് ഇത് വലിയൊരു സാമ്പത്തിക ബാധ്യതയാകും.
അതിനാൽ, ഇത്തരം അധിക ചെലവുകൾ പൂർണമായി ഒഴിവാക്കാനായി ഈ മാസം തന്നെ മുഴുവൻ അംഗങ്ങൾക്കും ഇമെയിൽ വഴി സാമ്പത്തിക കണക്കുകൾ വിശദമായി അയച്ചു നൽകാനാണ് എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിച്ചിരിക്കുന്നത് എന്നാണ് അറിയാൻ കഴിയുന്നത്. ഇതിനുപുറമേ, മാധ്യമങ്ങൾക്ക് മുന്നിലും ഈ സാമ്പത്തിക കണക്കുകൾ കൃത്യമായി വിശദീകരിക്കാൻ സമിതി തയ്യാറെടുക്കുന്നുണ്ട്.
ഭരണസമിതി ഒദ്യോഗികമായി പ്രവർത്തനം പുനരാരംഭിച്ചെങ്കിലും കടുത്ത ആഭ്യന്തര പ്രതിസന്ധികളിലൂടെയാണ് സംഘടന ഇപ്പോൾ കടന്നുപോകുന്നത്. നിലവിൽ എക്സിക്യൂട്ടീവ് യോഗം ചേരാൻ ആവശ്യമായ ഏറ്റവും കുറഞ്ഞ അംഗസംഖ്യയായ കോറം തികച്ചുകൊണ്ട് മാത്രമാണ്, അതായത് എട്ട് പേരെ മാത്രം പങ്കെടിപ്പിച്ചാണ് യോഗങ്ങൾ മുന്നോട്ട് പോകുന്നത്.
ഇതിനെല്ലാം പുറമേ, സംഘടനയുടെ സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യേണ്ട ട്രഷറർ ഉണ്ണി ശിവപാൽ നിലവിൽ യോഗങ്ങളിൽ പങ്കെടുക്കുന്നില്ല എന്നതും പ്രതിസന്ധി ഇരട്ടിയാക്കുന്നു. അദ്ദേഹം ഇപ്പോൾ നിർബന്ധിത അവധിയിലാണെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.
Movies
മമ്മൂട്ടിയെ നായകനാക്കി കമൽ സംവിധാനം ചെയ്ത ചിത്രമായിരുന്നു 2005ൽ പുറത്തിറങ്ങിയ രാപ്പകൽ. ടി.എ. റസാഖ് ആണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയത്. കൃഷ്ണൻ എന്ന കഥാപാത്രത്തെയായിരുന്നു മമ്മൂട്ടി ചിത്രത്തിൽ അവതരിപ്പിച്ചത്. വീട്ടുജോലിക്കാരനായ മമ്മൂട്ടി ആ കുടുംബത്തിന്റെ താങ്ങും തണലുമാകുന്നതായിരുന്നു കഥയുടെ പ്ലോട്ട്. എന്നാസ് ഇപ്പോഴിതാ മമ്മൂട്ടിയുടെ കൃഷ്ണൻ എന്ന കഥാപാത്രത്തിനെതിരെ വലിയ രീതിയിലുള്ള ട്രോളുകൾ ഇറങ്ങിയിരിക്കുന്നു.
മമ്മൂട്ടി അവതരിപ്പിച്ച കൃഷ്ണൻ എന്ന കഥാപാത്രം സിനിമയിൽ മറ്റ് വ്യക്തികൾക്ക് സ്വകാര്യത നൽകാത്ത ആളാണെന്നും എല്ലാ കാര്യങ്ങളിലും അനാവശ്യമായി ഇടപെടുന്ന ആളാണെന്നും തമാശ രൂപേണയുള്ള വിമർശനങ്ങൾ ശക്തമായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ വിക്കിപീഡിയ പേജിലെ വിവരങ്ങൾ അത്തരത്തിൽ എഡിറ്റ് ചെയ്യപ്പെട്ടിരിക്കുകയാണ്.
വലിയൊരു കുടുംബത്തിന്റെ സ്വകാര്യ വിഷയങ്ങളില്‍ യാതൊരു ആവശ്യവുമില്ലാതെ ഇടങ്കോലിടുന്ന ജോലിക്കാരന്റെ കഥ എന്നാണ് വിക്കിയില്‍ ട്രോളന്മാര് വരുത്തിയ മാറ്റം. ചിത്രത്തിലെ മമ്മൂട്ടിയുടെ കഥാപാത്രം പൊതുമാലിന്യമാണെന്നും പുതിയ പ്ലോട്ടില്‍ പറയുന്നുണ്ട്. ചിത്രത്തിലെ നായകന് വിജയരാഘവന് ആണെന്നും മാറ്റം വരുത്തിയിട്ടുണ്ട്.
Movies
കുബേരൻ എന്ന ദിലീപ് ചിത്രത്തിലെ നായിക ഉമ ശങ്കരിക്ക് സ്തനാർബുദം. നടി തന്നെയാണ് ചികിത്സയുടെ വിവരങ്ങൾ പങ്കുവച്ചത്. കീമോതെറാപ്പിയുടെ രണ്ടാം ഘട്ടം പുരോഗമിക്കുകയാണെന്നും നിലവിൽ എല്ലാ ദിവസവും ചികിത്സ സ്വീകരിക്കുകയാണെന്നും അറിയിച്ചു.
‘‘കഠിനമായ ദിവസങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഞാൻ പഠിക്കുകയാണ്. എനിക്ക് ശക്തി തോന്നുന്ന ദിവസങ്ങള്‍ ആഘോഷിക്കുകയാണ്. എപ്പോഴും എന്നോടൊപ്പം നിന്ന എന്റെ കുടുംബത്തിനും സ്നേഹത്തിനും പിന്തുണയ്ക്കും എന്റെ ആരാധകർക്കും നന്ദി. ഞാൻ എന്റെ ഭാഗം ചെയ്യുന്നു, സുഖം പ്രാപിക്കുന്നു, ഒപ്പം പുരോഗതിയിൽ ശ്രദ്ധയൂന്നുന്നു. പുരോഗതി പരിപൂർണല്ല, പക്ഷേ അത് യാഥാർഥ്യമാണ്.’’നടിയുടെ പറഞ്ഞു.
സ്തനാർബുദം സ്ഥിരീകരിച്ച വിവരം വെളിപ്പെടുത്തിയപ്പോൾ, രോഗം അപ്രതീക്ഷിതമായാണ് ജീവിതത്തിലേയ്ക്ക് കടന്നുവന്നതെന്നും ആദ്യ നിമിഷങ്ങളിൽ വലിയ മാനസികാഘാതമാണ് അനുഭവപ്പെട്ടതെന്നും ഉമ ശങ്കരി പറഞ്ഞിരുന്നു. ‘എന്തുകൊണ്ട് ഇപ്പോൾ? എന്തുകൊണ്ട് എനിക്ക്? എന്ന ചോദ്യങ്ങളാണ് ആദ്യം മനസിൽ ഉയർന്നതെന്നും താരം വ്യക്തമാക്കിയിരുന്നു
എന്നാൽ പിന്നീട് യാഥാർഥ്യം ഉൾക്കൊണ്ട് രോഗത്തെ ധൈര്യത്തോടെയും ആത്മവിശ്വാസത്തോടെയും നേരിടാൻ തീരുമാനിച്ചതായും ചികിത്സയുമായി മുന്നോട്ടുപോകുകയാണെന്നും ഉമ ശങ്കരി അറിയിച്ചു.
‘‘ഇത് എളുപ്പമുള്ള കാര്യമാണെന്ന് പറഞ്ഞ് ഞാന്‍ അഭിനയിക്കുന്നില്ല. എനിക്ക് സ്താനാര്ബുതത്തിന്റെ ആദ്യ ഘട്ടമാണ് എന്ന് സ്ഥിരീകരിച്ചിരിക്കുന്നു. വാര്‍ത്തയറിഞ്ഞ ആദ്യത്തെ ഞെട്ടലില്‍ നിന്നും, ഇതൊരിക്കലും എനിക്ക് വരില്ലെന്ന ചിന്തയില്‍ നിന്നും, ഇപ്പോഴും അത് വിശ്വസിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് ഞാന്‍. ഇത് താങ്ങാന്‍ പറ്റുന്നതിലും അപ്പുറമാണ്. ഉള്‍ക്കൊള്ളാന്‍ ഒട്ടും കഴിയുന്നില്ല. എന്തുകൊണ്ട് എനിക്ക്? എന്തുകൊണ്ട് ഇപ്പോള്‍? ഇനി എന്റെ ഭാവി എന്താകും? എന്നൊക്കെയുള്ള ഒരുപാട് ചോദ്യങ്ങളായിരുന്നു മനസില്‍.
നമ്മള് എത്രതന്നെ മുന്‍കൂട്ടി തയാറെടുത്താലും, ജീവിതത്തില്‍ ഇങ്ങനെ ഒരു വിധി വരുമ്പോള്‍ അത് നേരിടാന്‍ നമുക്ക് ഒട്ടും മനക്കരുത്ത് ഉണ്ടാവില്ല. എന്റെ കാര്യത്തിലും എന്റെ കുടുംബത്തിന്റെ കാര്യത്തിലും അതുതന്നെയാണ് സംഭവിച്ചത്. അവര്‍ക്ക് ഉള്ളില്‍ ഭയമുണ്ടായിട്ടും എന്നോടുള്ള സ്നേഹം പുറത്തു കാണിക്കുന്നത് കാണുമ്പോള്‍ എന്റെ നെഞ്ച് തകരുകയാണ്.
എങ്കിലും, ഒരുപാട് കണ്ണീരൊഴുക്കിയ നാളുകള്‍ക്ക് ശേഷം, തുടര്‍ച്ചയായ പ്രാര്‍ഥനകളിലൂടെയും വീട്ടുകാരുടെ പിന്തുണയിലൂടെയും ആ ഞെട്ടലില്‍ നിന്നും ഇതിനെ നേരിടാനുള്ള മാനസികാവസ്ഥയിലേക്ക് ഞാന്‍ എത്തിച്ചേര്‍ന്നു. വിധിക്ക് മുന്നില്‍ തോറ്റുകൊടുക്കാനോ കീഴടങ്ങാനോ ഞാന്‍ ഉദ്ദേശിക്കുന്നില്ല. ജീവിതം അതിന്റെ കഠിനമായ യാഥാര്‍ഥ്യത്തോടെ മുന്നില്‍ വന്നു നില്ക്കുമ്പോള് അതിനെ നേരിടാന്‍ ഞാന്‍ മനസിനെ പാകപ്പെടുത്തിക്കഴിഞ്ഞു.
എന്റെ പ്രിയപ്പെട്ട ഭര്‍ത്താവിന്, എനിക്ക് കൂട്ടിരുന്ന് ഈ പ്രതിസന്ധി ഘട്ടത്തിലും ധൈര്യം കാണിച്ചതിന് എന്റെ ഹൃദയത്തിന്റെ ആഴങ്ങളില്‍ നിന്നും നന്ദി പറയുന്നു. മകനേ, നിന്റെ കരുത്തിന് നന്ദി. ഒപ്പം സ്നേഹവും പിന്തുണയും പ്രതീക്ഷയുമായി കൂടെയുള്ള എന്റെ മുഴുവന്‍ കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും നന്ദി. നിങ്ങളുടെ ധൈര്യമാണ് എന്റെയും കരുത്ത്.
ഇന്ന് ഇതിനായുള്ള പോരാട്ടത്തിന്റെ ആദ്യ ദിവസമായിരുന്നു. ഇനി വരുന്ന ഓരോ ദിവസത്തെയും അതിന്റെ വഴിക്ക് തന്നെ ഞാന്‍ നേരിടും. എന്നിലുള്ള മുഴുവന്‍ ശക്തിയും ഉപയോഗിച്ച് ഞാന്‍ ഇതിനോട് പോരാടും, പൂര്‍ണ ആരോഗ്യത്തോടെ ഞാന്‍ ഇതിനെ അതിജീവിച്ച് തിരികെ വരുമെന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. ദയവായി എനിക്കായി പ്രാര്‍ത്ഥിക്കുക. ഈ യാത്രയില്‍ നിങ്ങളുടെ എല്ലാവരുടെയും അനുഗ്രഹങ്ങള്‍ ഞാന്‍ തേടുന്നു.’’കാന്‍സർ വിവരം അറിഞ്ഞ ശേഷം നടി പങ്കുവച്ച കുറിപ്പ് ഇങ്ങനെയായിരുന്നു.
വിവാഹശേഷം അഭിനയരംഗത്ത് നിന്ന് വിട്ടുനിന്നിരുന്ന താരം ഈ വർഷം ജൂണിലാണ് തന്റെ ആരോഗ്യനിലയെക്കുറിച്ചുള്ള വിവരം പ്രേക്ഷകരുമാമയി പങ്കുവച്ചത്.
Movies
ആസിഫ് അലിയെ നായകനാക്കി ജിസ് ജോയ് സംവിധാനം ചെയ്യുന്ന കോട്ടയം ബൽറ്റ് എന്ന ചിത്രത്തിന് തുടക്കമായി. കായികമന്ത്രി ഒ.ജെ. ജെനീഷാണ് ടൈറ്റിൽ പ്രകാശനം നടത്തിയത്.
ഡ്രീം കാച്ചർ പ്രൊഡക്ഷൻസ്, കൈലാഷ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ടി.ആർ. ഷംസുദ്ദീൻ, വേണു ഗോപാലകൃഷ്ണൻ എന്നിവരാണ് ഈ ചിത്രം നിർമിക്കുന്നത്.
കിഴക്കൻ മലയോര ഗ്രാമത്തിലെ ക്രിസ്ത്യൻ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഫാമിലി ത്രില്ലറായിട്ടാണ് ഈ ചിത്രത്തിന്റെ അവതരണം. ആളും അർത്ഥവും മനോബലവുംകൊണ്ടും ആർക്കും പ്രതിരോധിക്കാൻ കഴിയാത്ത നാലു സഹോദരങ്ങളുടെ ജീവിത കഥയാണ് സംഘർഷഭരിതമായ മുഹൂർ തങ്ങളിലൂടെ അവതരിപ്പിക്കുന്നത്.
ആസിഫ് അലിക്കു പുറമേ വിജയരാഘവൻ, ഷൈൻ ടോം ചാക്കോ, ജഗദീഷ് ശ്രുതി രാമചന്ദ്രൻ, അശോകൻ ബോബി കുര്യൻ, അലൻസിയർ, വിഷ്ണു അഗസ്ത്യ, ഫർഹാൻ ഫാസിൽ, ശ്രീകാന്ത് മുരളി, പ്രേംപ്രകാശ്, വിനീത്, ജിനു ജോസഫ്, ചെമ്പിൽ അശോകൻ, രഞ്ജിത്ത് ശേഖർ, സാന്ദ്ര ചന്ദ്രൻ, എയ്ക ദേവ്, നിധിൻ പ്രസന്ന എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.
തിരക്കഥ - സുരേഷ് ഗോപാലൻ, ക്രിയേറ്റീവ് കോൺടി ബ്യൂട്ടർ-ബോബി സഞ്ജയ്. ഗോവിന്ദ് വസന്തയുടേതാണു സംഗീതം -ഛായാഗ്രഹണം - ബിനേന്ദ്ര മേനോൻ. എഡിറ്റിംഗ് - സൂരജ് ഇ.എസ്. കലാസംവിധാനം - അജയൻ മങ്ങാട്. കോസ്റ്റ്യം ഡിസൈൻ- സമീരാ സനീഷ്. സ്റ്റിൽസ് ബിജിത്ത് ധർമ്മടം. ചീഫ് അസോസിയേറ്റ് ഡയറക്ടർ - സാഗർ. പ്രൊഡക്ഷൻ കൺട്രോളർ- ജാവേദ്.
ജൂലൈ പതിനഞ്ചു മുതൽ ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം തൊടുപുഴ, കൊച്ചി , കോട്ടയം, തൃശൂർ എന്നിവിടങ്ങളിലായി പൂർത്തിയാകും. പിആർഒ-വാഴൂർ ജോസ്.
Movies
തീഷ്ണമായ ഭാവത്തോടെമോഹൻലാൽ, അല്പംദൈന്യഭാവത്തിൽ വിസ്മയ, നടുവിലായി തിങ്ങി നിറഞ്ഞ മുടിയും ഗൗരവ ഭാവവുമായി ആശിഷ്, ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിച്ച് ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിന്റെ പുറത്തുവിട്ട പുതിയ പോസ്റ്റർ ആണിത്. ചിത്രം ഓഗസ്റ്റ് ഏഴിന് തിയറ്ററുകളിലെത്തും.
2018എന്ന സൂപ്പർഹിറ്റ് ചിത്രം ശേഷം ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് തുടക്കം. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന 37-ാമത് ചിത്രമാണിത്.
ഡോ. എമിൽ ആന്റണിയും, ഡോ. അനീഷ ആന്റണിയുമാണ് എക്സിക്കുട്ടീവ് പ്രൊഡ്യൂസേർസ്. ലിനീഷ് നെല്ലിക്കൽ, അഖിൽ കൃഷ്ണ, ജൂഡ് ആന്തണി ജോസഫ് എന്നിവരാണ് തിരക്കഥ രചിച്ചിരിക്കുന്നത്.
സംഗീതം. ജെയ്ക്സ് ബിജോയ്. ഛായാഗ്രഹണം -ജോമോൻ ടി. ജോൺ, എഡിറ്റിംഗ്- ചമൻ ചാക്കോ. പ്രൊഡക്ഷൻ ഡിസൈൻ - സന്തോഷ് രാമൻ. മേക്കപ്പ് - ജിതേഷ് പൊയ്യ. കോസ്റ്റ്യും ഡിസൈൻ -അരുൺ മനോഹർ. ചീഫ് അ സോസിയേറ്റ് ഡയറക്ടർ - സൈലക്സ് ഏബ്രഹാം. ഫിനാൻസ് കൺട്രോളർ - മനോഹരൻ കെ. പയ്യന്നൂർ. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് - വിനോദ് ശേഖർ, ശ്രീക്കുട്ടൻ. പ്രൊഡക്ഷൻ കൺട്രോളർ- ബിജു തോമസ്. പിആർഒ-വാഴൂർ ജോസ്.
Movies
ഗായിക എസ്. ജാനകിയുടെ സംസ്കാര ചടങ്ങിൽ താൻ കരഞ്ഞില്ലെന്ന കാരണത്താൽ വിമർശിച്ചവർക്ക് മറുപടിയുമായി കൊച്ചുമകൾ അപ്സര വൈദ്യുല.
ഒരാളോടുള്ള സ്നേഹത്തെ അളക്കേണ്ടത് കണ്ണുനീരിന്റെ അളവു കൊണ്ടല്ലെന്നും മരണത്തെ ആത്മീയതലത്തിൽ കാണാനാണ് മുത്തശ്ശി പഠിപ്പിച്ചതെന്നും അപ്സര വ്യക്തമാക്കി.
മുത്തശിയുടെ മരണശേഷം പൊതുജനമധ്യത്തിൽ എന്തുകൊണ്ട് കൂടുതൽ ദുഃഖിതയായി കാണപ്പെട്ടില്ലെന്ന ചോദ്യങ്ങൾ തനിക്ക് നേരിടേണ്ടിവന്നതായി അവർ കുറിച്ചു.
സംസ്കാര ചടങ്ങിൽ ശാന്തമായ മുഖഭാവത്തോടെയാണ് അപ്സര പ്രത്യക്ഷപ്പെട്ടത്. മാധ്യമങ്ങളോടുള്ള പ്രതികരണം പോലും അതിവൈകാരികമാകാതെ ശാന്തവും കൃത്യവുമായിരുന്നു. പാട്ടുകളിലൂടെ ജാനകിയമ്മയെ അറിയുന്ന ആരാധകർ പോലും നിറകണ്ണുകളോടെ പ്രിയഗായികയുടെ വേർപാടിനെ സമീപിക്കുമ്പോൾ കൊച്ചുമകൾക്ക് എങ്ങനെയാണ് ഇത്രയും ശാന്തമായി ഈ വലിയ ദുഃഖത്തെ നേരിടാൻ കഴിയുന്നതെന്ന സംശയം പലരും ഉയർത്തിയിരുന്നു. ഇതിനുള്ള മറുപടി കൂടിയാണ് അപ്സരയുടെ ദീർഘമായ കുറിപ്പ്.
"എന്റെ മുത്തശ്ശിയ്ക്ക് ഈ ലോകത്ത് ഏറ്റവും പ്രധാനപ്പെട്ടയാൾ എന്റെ ചേച്ചി വർഷയായിരുന്നു. അവർ തമ്മിലുള്ള ഇഴയടുപ്പവും ബന്ധവും വാക്കുകൾക്കതീതമാണ്. എല്ലാ അർഥത്തിലും മേയ്ഡ് ഫോർ ഈച്ച് അദർ!
മുത്തശിയ്ക്കൊപ്പം ഞാൻ ഇന്നു നിൽക്കുന്ന സ്ഥാനത്ത്, എല്ലാ കാര്യങ്ങളും ഉത്തരവാദിത്തങ്ങളും ചെയ്യേണ്ടിയിരുന്നത് വർഷയായിരുന്നു. എന്നാല്‍ 2023 ഓഗസ്റ്റിൽ അവൾ ഈ ലോകത്ത് നിന്ന് യാത്രയായി. ആ നഷ്ടത്തിന്റെ വേദനയിൽ നിന്ന് പൂർണമായി കരകയറാൻ എന്റെ കുടുംബത്തിന് ഇതുവരെ ആയിട്ടില്ല. സങ്കടം മാഞ്ഞു പോകില്ലല്ലോ! ജീവിതകാലം മുഴുവന്‍ കൊണ്ടുനടക്കേണ്ട വേദനയായി അത് ഇതിനോടകം മാറി. ഈ പ്രയാസത്തിനിടയിലും മുത്തശിയും വർഷയും വീണ്ടും ഒന്നിച്ചിരിക്കുന്നു എന്നുള്ളതാണ് ഏക ആശ്വാസം.
Movies
സമൂഹ മാധ്യമങ്ങളിലൂടെ തന്റെ ചിത്രം മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജൻ. വ്യാജ ചിത്രം പങ്കുവച്ച ഇൻസ്റ്റഗ്രാം അക്കൗണ്ടിന്റെ വിവരങ്ങളും നടി പുറത്തുവിട്ടു.
ഇതിനു പിന്നിലുളള ആളുകൾക്കെതിരെ എത്രയും പെട്ടന്ന് നിയമനടപടി എടുക്കണമെന്ന് കേരള പൊലീസിനോടും സൈബർ സെല്ലിനോടും നടി ആവശ്യപ്പെട്ടിട്ടുണ്ട്.
‘‘എന്റെ സൽപ്പേരിന് കളങ്കം വരുത്തുക എന്ന ദുരുദ്ദേശ്യത്തോടെ, ഈ ചിത്രം അശ്ലീലകരവും അപകീർത്തികരവുമായ രീതിയിൽ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചിരിക്കുകയാണ്. ഇത് ലജ്ജാകരവും, അംഗീകരിക്കാനാവാത്തതും, എന്റെ സ്വകാര്യതയുടെയും അന്തസിന്റെയും ഗുരുതരമായ ലംഘനവുമാണ്.
ഞാൻ ഈ അക്കൗണ്ട് ഔദ്യോഗികമായി ഇൻസ്റ്റാഗ്രാമിന് റിപ്പോർട്ട് ചെയ്യും, കൂടാതെ ബാധകമായ നിയമങ്ങൾക്കനുസരിച്ച് ഒരു പോലീസ് പരാതി ഫയൽ ചെയ്യുകയും ചെയ്യും. ഈ എഡിറ്റ് ചെയ്ത ഉള്ളടക്കം ഉണ്ടാക്കുകയോ പങ്കുവയ്ക്കുകയോ ചെയ്തവർ ആരായാലും ഉത്തരം പറയേണ്ടിവരും. നിയമപരമായ നടപടികൾ സ്വീകരിക്കും, നീതി ഉറപ്പാക്കും വരെ ഞാൻ ഈ കാര്യത്തിൽ മുന്നോട്ട് പോകും.
ദയവായി ഇത്തരം അധിക്ഷേപകരമായ ഉള്ളടക്കത്തെ പിന്തുണയ്ക്കുകയോ പങ്കുവയ്ക്കുകയോ ചെയ്യരുത്.’’അന്ന രേഷ്മ രാജന്റെ വാക്കുകൾ.
Movies
അയർലണ്ടിൽ കണ്ടുമുട്ടിയ യുവാവിനെ തിരിച്ചറിഞ്ഞാൽ 100 യൂറോ സമ്മാനമെന്ന് പന്തയം. ഒരൊറ്റ നോട്ടത്തിൽ സഹനടനെ തിരിച്ചറിഞ്ഞ് ധ്യാൻ ശ്രീനിവാസൻ. 2016-ൽ റിലീസായ ഒരേ മുഖം എന്ന ചിത്രത്തിൽ തനിക്കൊപ്പം അഭിനയിച്ച ഉണ്ണി കെ. കാർത്തികേയൻ എന്ന നടനെയാണ് ഒരു വേദിയിൽ വച്ച് ധ്യാൻ ഒരൊറ്റ നോട്ടത്തിൽ തിരിച്ചറിഞ്ഞത്.
അയർലണ്ടിൽ നടന്ന ഒരു പരിപാടിയിലെ വേദിയിൽ സംസാരിക്കുന്നതിനിടയിലാണ് കാണികളുടെ കൂട്ടത്തിൽനിന്ന കുമരകം സ്വദേശിയും നടനും ഗായകനുമായ ഉണ്ണി കെ. കാർത്തികേയനെ ധ്യാൻ പെട്ടെന്ന് ശ്രദ്ധിക്കുന്നത്. നാട്ടിൽ ഉണ്ടായിരുന്ന ആളല്ലേ എന്ന് ധ്യാൻ ചോദിച്ചതോടെയാണ് രസകരമായ രംഗങ്ങളുടെ തുടക്കം.
താൻ ആരാണെന്ന് കൃത്യമായി പറഞ്ഞാൽ നൂറ് യൂറോ സമ്മാനം നൽകാമെന്നായി ഉണ്ണി. എന്നാൽ, ഒട്ടും ആലോചിക്കാതെതന്നെ നമ്മൾ ‘ഒരേമുഖം’ സിനിമയിൽ ഒന്നിച്ചുണ്ടായിരുന്നു എന്ന് ധ്യാൻ പറയുകയായിരുന്നു. പത്ത് വർഷത്തോളമായിട്ടും ധ്യാൻ തന്നെ ഇന്നും ഓർത്തിരിക്കുന്നുവെന്ന സത്യം വലിയ ഞെട്ടലോടെയും സന്തോഷത്തോടെയുമാണ് ഉണ്ണിയും വേദിയിലുണ്ടായിരുന്നവരും കേട്ടത്.
താരത്തിന്റെ ഈ ഓർമശക്തിയെയും സഹപ്രവർത്തകരോടുള്ള സ്നേഹത്തെയും അഭിനന്ദിച്ചുകൊണ്ട് നിരവധി പേരാണ് സമൂഹ മാധ്യമത്തിൽ പങ്കുവച്ച വീഡിയോയ്ക്ക് താഴെ കമന്റുകൾ അയയ്ക്കുന്നത്.
Movies
യാതൊരു സിനിമാ പാരമ്പര്യവുമില്ലാതെ വന്ന് ബോളിവുഡിലെ മികച്ച നടിമാരിൽ ഒരാളായി മാറിയ താരമാണ് കൃതി സനോൻ. തെലുങ്ക് സൈക്കോളജിക്കൽ ആക്ഷൻ ത്രില്ലർ നെനോക്കാഡിനിലൂടെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ച താരം അതേവര്‍ഷം ഹീറോപന്തിയിലൂടെ ബോളിവുഡിലും തുടക്കം കുറിച്ചു. പിന്നീടിങ്ങോട്ട് നിരവധി ചിത്രങ്ങളിലൂടെ താരം ബോളിവുഡില്‍ തന്റെ സ്ഥാനം ഉറപ്പിച്ചു.
ഡ്രാമഡി ചിത്രമായ മിമിയിലൂടെ മികച്ച നടിക്കുള്ള ദേശീയ അവാർഡും താരം നേടി. ഒരു പതിറ്റാണ്ടിലേറെയായി ബോളിവുഡില്‍ മികച്ച കഥാപാത്രങ്ങളിലൂടെ തിളങ്ങി നില്‍ക്കുകയാണ് താരം.
ഇപ്പോഴിതാ തന്റെ സഹനടന്റെ മനോഭാവം കാരണം ഒരു സിനിമയുടെ പ്രമോഷണൽ പരിപാടിയിൽ നിന്ന് താൻ അകന്നു നിൽക്കാൻ തീരുമാനിച്ചതായി പറയുകയാണ് കൃതി സനോൻ. സ്ത്രീകളേക്കാള്‍ പുരുഷന്മാർക്ക് മുൻഗണന നൽകുന്ന രീതിയിലാണ് സിനിമ രൂപകല്പന ചെയ്തിരിക്കുന്നതെന്നും കഥാപാത്രങ്ങളെ സൃഷ്ടിക്കുന്നതിലും സെറ്റിലെ സമീപനങ്ങളിലും വരെ ഈ വിവേചനം പ്രകടമാണെന്നും കൃതി സനോൻ ആരോപിക്കുന്നു.
എനിക്ക് ഒട്ടും വിലയില്ല എന്ന് തോന്നിയ ചില നിമിഷങ്ങൾ ഉണ്ടായിട്ടുണ്ട്. അങ്ങനെ ഒടുവിൽ എനിക്ക് വേണ്ടി ഞാൻ തന്നെ സംസാരിക്കേണ്ടി വന്ന ഒരുഘട്ടത്തിൽ ഞാൻ എത്തിച്ചേർന്നു. ഒരു സിനിമയുടെ പ്രൊമോഷൻ നടക്കുന്ന സമയമായിരുന്നു അത്. എന്നാൽ, ആ പ്രൊമോഷൻ ന്യായമായ രീതിയിലല്ല നടക്കുന്നതെന്ന് എനിക്ക് തോന്നി. പ്രൊമോഷനുകളിൽ ഞാൻ എവിടെ വരണം, എവിടെ വരാൻ പാടില്ല എന്ന് തീരുമാനിക്കുന്നത് ആ സിനിമയിലെ പ്രധാന നടനായിരുന്നു.
പെട്ടെന്ന് എനിക്കത് വളരെ വിചിത്രവും അനാദരവുമാണെന്ന് തോന്നി. എന്നെ ഒട്ടും ബഹുമാനിക്കാത്ത രീതിയിലുള്ള ഒന്നായിട്ടാണ് എനിക്കത് അനുഭവപ്പെട്ടത്. അപ്പോൾ ഞാൻ വിചാരിച്ചു, "ശരി, പ്രൊമോഷന് നിങ്ങൾക്ക് എന്റെ ആവശ്യമില്ല എന്ന് നിങ്ങൾ കരുതുന്നുണ്ടെങ്കിൽ, നിങ്ങൾ തന്നെ ഒറ്റയ്ക്ക് അത് ചെയ്തോളൂ.' എന്ന്. അങ്ങനെ ഞാൻ അതിൽനിന്നു പതുക്കെ പിന്മാറി. ഒറ്റയ്ക്ക് ചെയ്തോളൂ, കുഴപ്പമില്ല, എല്ലാം നിങ്ങൾ തന്നെ എടുത്തോളൂ എന്ന് വിചാരിച്ചു.
ഒരു പരിധിവരെ ആ നടൻ അത് ഒറ്റയ്ക്ക് തന്നെ ചെയ്തു. അതിനുശേഷം ചിത്രത്തിന്റെ സംവിധായകൻ എന്നെ വിളിച്ചു. ഒരു ഇവന്റിന് അല്ലെങ്കിൽ ഒരു കാര്യത്തിന് മാത്രമായി വരാൻ അദ്ദേഹം എന്നോട് വ്യക്തിപരമായി അഭ്യർഥിച്ചു. ഞാൻ അതിന് പോകുകയും ചെയ്തു, കാരണം തങ്ങളുടെ നിയന്ത്രണത്തിന് അതീതമായ സാഹചര്യങ്ങൾ കാരണം ചലച്ചിത്ര നിർമാതാവ് കഷ്ടപ്പെടാൻ ഞാന്‍ ആഗ്രഹിക്കുന്നില്ല.
"അടിസ്ഥാനപരമായി ഞാൻ എന്റെ ധാർമികതയ്ക്ക് പ്രാധാന്യം നൽകുന്ന ആളാണ്. അപ്പോൾ ഞാൻ വിചാരിച്ചു, ശരി, ഇപ്പോൾ അദ്ദേഹം വിളിക്കുകയാണ്, അത്രയും അഭ്യർഥിക്കുകയാണ്, അദ്ദേഹത്തിന്റെ മുഖത്ത് നോക്കി എനിക്ക് ഇല്ല എന്ന് പറയാൻ കഴിയില്ല, കാരണം ഇതിൽ അദ്ദേഹത്തിന്റെ തെറ്റല്ലല്ലോ...' എന്ന്. അതുകൊണ്ട് പിന്നീട് ഞാൻ ആ ഒരു കാര്യത്തിന് വേണ്ടി പോയി. എങ്കിലും അതിൽ ഭൂരിഭാഗം കാര്യങ്ങളിൽ നിന്നും ഞാൻ പിന്മാറുകയാണ് ചെയ്തത്... കൃതി പറഞ്ഞു. ഒരു പോഡ്കാസ്റ്റിലാണ് കൃതി ഇക്കാര്യം വെളിപ്പെടുത്തിയത്.
സിനിമയുടെയോ നായകന്റെയോ പേര് കൃതി പരാമര്‍ശിക്കാത്തതിനാല്‍ ഈ വെളിപ്പെടുത്തൽ തത്ക്ഷണം ഓൺലൈനിൽ ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റി. ഏത് സിനിമയെയും നടനെയുമാണ് കൃതി പരാമര്ശിക്കുന്നതെന്നറിയാന് സോഷ്യൽ മീഡിയ ഉപയോക്താക്കൾ താരത്തിന്റെ മുൻ പ്രോജക്ടുകള്‍ നോക്കുകയാണ്.
ചർച്ചകളിൽ സജീവമായി ഉയർന്നുവന്ന പേരുകളിൽ ഷെഹ്സാദയിലെ സഹതാരം കാർത്തിക് ആര്യൻ, തേരി ബാത്തോൺ മേൻ ഐസ ഉൽജ ജിയയിലെ ഷാഹിദ് കപൂർ, ആദിപുരുഷിലെ പ്രഭാസ് എന്നിവരടക്കമുണ്ട്.
Movies
അമ്മ സംഘടനയിലെ ഏറ്റവും വലിയ സൈലന്റ് കില്ലർ പോയ്സൺ നടി സരയൂ മോഹൻ ആണെന്ന് മായ വിശ്വനാഥ്. സരയൂ മോഹന്റെ ഭർത്താവ് അമ്മ കുടുംബസംഗമവുമായി ബന്ധപ്പെട്ട് രണ്ടര ലക്ഷം രൂപയുടെ സാമ്പത്തിക ഇടപാട് നടത്തിയതിനെ ചൊല്ലി സംഘടനയ്ക്കുള്ളിൽ വലിയ ചോദ്യങ്ങൾ ഉയർന്നിരുന്നുവെന്ന് മായാ പറയുന്നു.
സുഹൃത്തുക്കൾ തമ്മിലുള്ള സ്വകാര്യ ഫോൺ സംഭാഷണം റിക്കാർഡ് ചെയ്ത് പ്രചരിപ്പിച്ചതിന് പിന്നിൽ ശ്വേതയുടെ വൃത്തികെട്ട മനസാണെന്നും താരം കുറ്റപ്പെടുത്തി.
‘സീ മലയാള’ത്തിന് നൽകിയ അഭിമുഖത്തിലാണ് മായാ വിശ്വനാഥ് ഈ വെളിപ്പെടുത്തലുകൾ നടത്തിയത്.
"ഞങ്ങളുടെ കൂട്ടത്തിലെ ഏറ്റവും വലിയ 'സൈലന്റ് കില്ലർ പോയ്സൺ' അത് സരയൂ മോഹൻ തന്നെയാണ്. ആ സത്യം സംഘടനയിലെ എല്ലാ അംഗങ്ങൾക്കും കൃത്യമായി അറിയാം. പക്ഷേ, ആരും അത് തുറന്നു പറയുന്നില്ല എന്ന് മാത്രമേയുള്ളൂ.
മുൻപ് കുടുംബസംഗമം ആരംഭിച്ച സമയത്ത് സരയൂ മോഹഴെ ഭർത്താവിനു രണ്ടര ലക്ഷം രൂപയുടെ ഒരു ഓർഡർ കൊടുത്തിരുന്നു. അന്ന് ഞങ്ങളൊക്കെ അതിനെ ശക്തമായി ചോദ്യം ചെയ്തതാണ്. അമ്മ എന്ന് പറയുന്ന ഓർഗനൈസേഷനിലേക്ക് ഞാൻ വ്യക്തിപരമായി അയച്ച ഒരു ഇമെയിൽ എങ്ങനെയാണ് ഒരു ഓൺലൈൻ മാധ്യമത്തിന് ചോർന്നു കിട്ടിയത്? അങ്ങനെയാണെങ്കിൽ എന്റെ സംഘടനയെക്കുറിച്ച് എനിക്ക് ഇനി എന്ത് വിശ്വാസമാണ് ഉള്ളത്?
അവിടെ നടക്കുന്ന എക്സിക്യൂട്ടീവ് മീറ്റിംഗിലെ പല തീരുമാനങ്ങളും ഭാരവാഹികൾ വീടുകളിൽ എത്തുന്നതിന് മുൻപ് തന്നെ ഓൺലൈൻ ചാനലുകൾ വാർത്തയാക്കുന്നു. പുറത്തുനിന്നുള്ള ആരും ഈ യോഗങ്ങളിൽ പങ്കെടുക്കുന്നില്ലല്ലോ. അപ്പോൾ അകത്തു പറയേണ്ട കാര്യങ്ങൾ എന്തിനാണ് ഇവർ ഒരു ഓൺലൈൻ ചാനൽ വഴി പുറംലോകത്തെ അറിയിക്കുന്നത്? മറ്റുള്ളവരെക്കൊണ്ട് നമ്മളെക്കുറിച്ച് പറയിപ്പിക്കുന്നത് എന്തിനാണ്.
'അമ്മ' എന്ന് പറയുന്നത് വെറുമൊരു കൂട്ടായ്മയല്ല. അതിൽ ഒട്ടനവധി അമ്മമാരുണ്ട്. ഒരു നേരത്തെ മരുന്ന് വാങ്ങാനും ആഹാരത്തിനും ബുദ്ധിമുട്ടുന്നവർ, അസുഖം വന്നാൽ ഇൻഷുറൻസ് പരിരക്ഷ ആവശ്യമുള്ളവർ... അവർക്കൊക്കെ വേണ്ടിയാണ് ഇത് തുടങ്ങിയത്.
നമ്മുടെ പ്രസിഡന്റായിരുന്ന ഇന്നസെന്റ് അങ്കിളും ഇടവേള ബാബുച്ചേട്ടനും ലാലേട്ടനും മമ്മൂക്കയുമടങ്ങുന്ന ഒരു വലിയ ഗ്രൂപ്പ് ഇതിനായി ഒരുപാട് പ്രയത്നിച്ചിട്ടുണ്ട്. അന്ന് ആത്മാർത്ഥമായി കഷ്ടപ്പെട്ടവരുടെ പ്രയത്നമൊക്കെ ഇന്ന് എവിടെപ്പോയി? ഞാനും മാലാ പാർവതിയും അവരെ അശ്ലീലം പറഞ്ഞു എന്നാണ് ഇപ്പോൾ അവർ പ്രചരിപ്പിക്കുന്നത്.
ഞാൻ അവിടെ സംസാരിക്കാൻ കാരണം, 'സ്ത്രീത്വത്തെ ഒരു ആയുധമായി ഉപയോഗിക്കരുത്' എന്ന് ഞാൻ ഉറക്കെ വിളിച്ചു പറഞ്ഞതാണ്. ആ വീഡിയോയോ ഓഡിയോയോ അവരുടെ കൈയിലുണ്ടെന്നാണ് അവർ പറയുന്നത്, എങ്കിൽ അവർ അത് പുറത്തുവിടട്ടെ.
അതോടൊപ്പം 'കണക്കുകൾ കൃത്യമായി കാണിക്കൂ' എന്നും ഞാൻ ആവശ്യപ്പെട്ടു. ഈ പറഞ്ഞതാണോ അശ്ലീലം? ഒരു ഇന്ത്യൻ പൗരൻ എന്ന നിലയിൽ ഒരു കാര്യം ചോദിച്ചാൽ അത് അശ്ലീലമാകുമോ? അതാണ് എനിക്ക് അറിയേണ്ടത്. യഥാർത്ഥത്തിൽ അവരാണ് ആ കമ്മിറ്റിയിൽ മോശം പദപ്രയോഗങ്ങൾ നടത്തുന്നത്. കമ്മിറ്റിയിലുള്ള ഒരു വ്യക്തി തന്നെ സാക്ഷ്യപ്പെടുത്തിയത് അവർ ഏറ്റവും കൂടുതൽ അശ്ലീല പദങ്ങൾ ഉപയോഗിക്കാറുണ്ടെന്നാണ്. മുൻപ് ഒരു പ്രമുഖ നടൻ ഇടപെട്ട് അവരെക്കൊണ്ട് മാപ്പ് പറയിപ്പിച്ച സംഭവം വരെയുണ്ടായിട്ടുണ്ട്.
ശ്വേതാ മേനോനും രമേശ് പിഷാരടിയും തമ്മിലുള്ള ഒരു ഫോൺ സംഭാഷണം പുറത്തുവന്നിട്ടുണ്ട്. എന്ത് മോശമാണ് ഇത്. ഒരു ജനപ്രതിനിധിയെ, ഒരു എം.എ.എൽ.എയെ ശ്വേതാ മേനോൻ അഭിസംബോധന ചെയ്യുന്ന രീതി നമ്മൾ കേട്ടതാണ്. ‘പിഷു പിഷു’ എന്നാണു വിളിക്കുന്നത്. ഞാനൊക്കെ രമേശ് പിഷാരടി എന്ന് പറയുന്ന എം.എൽ.എയുടെ കൂടെ നിൽക്കുന്ന ആളാണ്.
പാലക്കാട് നിന്ന് ജനവിശ്വാസം നേടി, നല്ല ഭൂരിപക്ഷത്തോടെ വിജയിച്ച ഒരു ജനപ്രതിനിധിയാണ് അദ്ദേഹം. അപ്പോൾ ആർക്കൊക്കെയോ അതിലൊരു അസഹിഷ്ണുത തോന്നുന്നുണ്ടെന്ന് എനിക്കിപ്പോൾ വ്യക്തമാകുന്നുണ്ട്. അല്ലെങ്കിൽ, അദ്ദേഹം സംസാരിച്ച കാര്യങ്ങൾ രഹസ്യമായി റെക്കോർഡ് ചെയ്ത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കാൻ മാത്രം എത്ര വൃത്തികെട്ട മനസുള്ളവരായിരിക്കും അതിന് പിന്നിൽ പ്രവർത്തിച്ചവർ? രണ്ട് സുഹൃത്തുക്കൾ തമ്മിൽ സംസാരിക്കുമ്പോൾ പലതും പറയും, ശരിയാണ്.
എന്നാൽ ഒരു എം.എ.എൽ.എയെ പിഷു പിഷു എന്ന് വല്ലാത്തൊരു രീതിയിൽ വിളിക്കുന്നത് ഒട്ടും ശരിയല്ല. പ്രോട്ടോക്കോൾ അനുസരിച്ച് ഒന്നുകിൽ എം.എൽ.എ എന്നോ അല്ലെങ്കിൽ സർ എന്നോ വിളിക്കാം.
ശ്വേതച്ചേച്ചി അങ്ങനെ വിളിച്ചിട്ട് പോലും അദ്ദേഹം അത് തിരുത്താൻ പോയില്ല. അവിടെയാണ് എനിക്ക് ഒരു കാര്യം മനസിലായത്. ഈ കാലഘട്ടത്തിൽ നമ്മൾ ആരെയൊക്കെ എവിടെയൊക്കെ നിർത്തണമോ അവിടെത്തന്നെ നിർത്തണം. അർഹിക്കുന്ന അതിർവരമ്പുകളിൽ നിർത്തിയില്ലെങ്കിൽ അത് നമുക്ക് തന്നെ തിരിച്ചടിയാകും.
ഈ അഡ്ഹോക്ക് കമ്മിറ്റി വരുന്നതിലൂടെ വലിയ മാറ്റങ്ങൾ ഉണ്ടാകുമെന്ന പ്രതീക്ഷ പല താരങ്ങൾക്കുമുണ്ട്. എന്നാൽ, ഇനി ഈ സിനിമാ സംഘടനയെ നന്നാക്കാൻ ആര് വന്നാലാണ് ശരിയാവുക? കാരണം, അവിടെ എന്തൊക്കെയാണ് നടക്കുന്നതെന്ന് നമുക്ക് പോലും ഇപ്പോൾ പിടിയില്ല.
ഇപ്പോൾ യൂത്ത് എല്ലാം സംഘടനയിൽ നിന്ന് അകന്നു പോയിക്കൊണ്ടിരിക്കുകയാണ്. ഞാൻ ഇപ്പോഴും ഉറപ്പിച്ചു പറയും, ധ്യാൻ ശ്രീനിവാസൻ നേതൃത്വത്തിലേക്ക് വരണം. ഇന്നസെന്റിനെപ്പോലെ തന്നെ കാര്യങ്ങൾ ബുദ്ധിപൂർവം സംസാരിക്കാൻ അറിയുന്ന ആളാണ് ധ്യാൻ.
ധ്യാൻ വരണം; ധ്യാൻ മാത്രമല്ല, മുൻപ് ഈ സംഘടനയുടെ കാര്യങ്ങളെല്ലാം ഒരൊറ്റയാൾ പോരാട്ടമായി മുന്നോട്ട് കൊണ്ടുപോയത് ഇടവേള ബാബുച്ചേട്ടനാണ്. പക്ഷേ, അദ്ദേഹത്തിന്റെ പുറകിൽ ഇന്നസെന്റ് എന്ന മനുഷ്യന്റെ വലിയൊരു ബുദ്ധിയും മമ്മൂക്കയുടെയും ലാലേട്ടന്റെയും പോലുള്ള മുതിർന്ന നടന്മാരുടെ ശക്തമായ പിന്തുണയുമുണ്ടായിരുന്നു.
ഇത്രയും വലിയൊരു ചരിത്രമുള്ള സംഘടനയായിട്ടും ഇപ്പോഴുള്ളവർക്ക് ഇത് നന്നായി കൊണ്ടുപോകാൻ പറ്റിയില്ല. അതുകൊണ്ട് ഞാൻ പറയുന്നു, ഇനി മുതിർന്നവർ മാറിനിന്ന് യുവാക്കൾ വരട്ടെ. എന്നാൽ, തങ്ങൾ ഇനിയും മത്സരിക്കുമെന്നും മത്സരിച്ചാൽ ജയിക്കുമെന്നുമാണ് ഇപ്പോഴുള്ള ചിലർ പറയുന്നത്. ഭൂരിഭാഗം ആളുകൾക്കും തങ്ങളെ അവിടെ കാണാൻ താല്പര്യമില്ലെന്ന് മനസ്സിലായിട്ടും ഇവർ എന്തിനാണ് വീണ്ടും വരാൻ വാശിപിടിക്കുന്നത്?
കഴിഞ്ഞ വർഷത്തെ തിരഞ്ഞെടുപ്പിൽ ജഗദീഷേട്ടൻ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ നിന്നിരുന്നതാണ്. ഞാൻ അന്ന് അദ്ദേഹത്തോട് സംസാരിക്കുകയും ചെയ്തിരുന്നു. എന്നാൽ പെട്ടെന്നാണ് അദ്ദേഹം തന്റെ നാമനിർദ്ദേശ പത്രിക പിൻവലിക്കുന്നത്. അതിന് പിന്നിൽ ശ്വേതാ മേനോൻ എന്ന വ്യക്തിയുടെ എന്തെങ്കിലും തന്ത്രങ്ങളുണ്ടോ എന്ന് എനിക്ക് ഇന്ന് ശക്തമായ സംശയമുണ്ട്.
അതുപോലെതന്നെ, ഇലക്ഷന് കഷ്ടിച്ച് മൂന്നാല് ആഴ്ച മുൻപാണ് എല്ലാ ഓൺലൈൻ മാധ്യമങ്ങളിലും മാർട്ടിൻ എന്ന് പറയുന്ന ഒരാൾ പ്രത്യക്ഷപ്പെടുന്നത്. ഒരു വീഡിയോയെക്കുറിച്ചുള്ള കാര്യങ്ങളൊക്കെ നമുക്ക് അറിയാവുന്നതാണല്ലോ.
യഥാർത്ഥത്തിൽ അത് ഇവർ തന്നെ കെട്ടിച്ചമച്ച ഒരു നാടകമായിരുന്നു എന്ന് കഴിഞ്ഞ രണ്ടു മാസമായി എനിക്ക് വലിയ സംശയമുണ്ട്. വേറൊന്നുമല്ല, അന്ന് അവരും അവരുടെ ഭർത്താവും മാധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞത് മാർട്ടിനെതിരെ മൂന്ന് കോടി രൂപയുടെ മാനനഷ്ടക്കേസ് ഫയൽ ചെയ്യുമെന്നാണ്. എന്നാൽ ഇലക്ഷൻ കഴിഞ്ഞ് ഇവർ ജയിച്ചതോടെ ആ മാർട്ടിൻ എവിടെപ്പോയി? ആ കേസ് ഇപ്പോൾ എവിടെയായി? ഇവിടെയൊക്കെയാണ് നമുക്ക് ദുരൂഹത തോന്നുന്നത്.
എന്തൊക്കെ അജണ്ടകൾ ഒപ്പിച്ചാണ് ഇവർ ഈ സ്ഥാനങ്ങളിലേക്ക് വന്നത്! ഒടുവിൽ, താൻ ഇനി ഇല്ലെന്നും അംഗമല്ലെന്നും പറഞ്ഞ് രാജി വെച്ച് പുറത്തുപോയത് തികച്ചും വൈകാരികവും പക്വതയില്ലാത്തതുമായ ഒരു തീരുമാനമായിരുന്നു. ഇപ്പോൾ അഡ്ഹോക്ക് കമ്മിറ്റിയുടെ ആളുകൾ ഇവരോട് ഔദ്യോഗികമായി രാജിക്കത്ത് ആവശ്യപ്പെടുമ്പോൾ ഇവർ ഫോൺ പോലും എടുക്കാതെ ഒളിച്ചുകളിക്കുകയാണ്.
Movies
കന്നഡയിലെ പ്രമുഖ ചലച്ചിത്ര പ്രവർത്തകനും എഴുത്തുകാരനുമായ പുനിത് സംവിധാനം ചെയ്യുന്ന മലയാള ചിത്രമാണ് അച്യുത അവതാരം. വർഷങ്ങളായി തെലുങ്ക്, തമിഴ് ചലച്ചിത്രങ്ങളിൽ അസോസിയേറ്റ് ഡയറക്ടർ ആയിരുന്ന പുനീതിന്റെ ആദ്യ സംവിധാന സംരംഭമാണ് ഇത്.
പുനീത് തന്നെയാണ് ചിത്രത്തിന് തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ചിത്രത്തിനെ പുതിയ ലിറിക്കൽ ഗാനം റിലീസ് ആയി. 'സെയ്ലർ ഓഫ് പെയിൻ' എന്ന കത്തിൽ ഉള്ള ഗാനം ശ്രുതി ശിവദാസൻ ആണ് ആലപിച്ചിരിക്കുന്നത്. സൈബര്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രം റെയ്റ വെഞ്ചേഴ്സിന്റെ ബാനറിൽ രമേശ സി, രുദ്രമൂർത്തി, രാജേഷ് ആർ എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്.
Movies
മുൻ ആർതിയുമായുള്ള വിവാഹമോചന നടപടികൾ പൂർത്തിയാകുന്നതുവരെ സിനിമയിൽനിന്ന് വിട്ടുനിൽക്കുമെന്ന തീരുമാനത്തിൽ നിന്നും പിൻമാറി നടൻ രവി മോഹൻ.
തന്റെ തീരുമാനം പിൻവലിക്കണമെന്ന് സിനിമംഗത്തുള്ളവർ ആവശ്യപ്പെട്ടുവെന്നും തന്റെ ആ പ്രഖ്യാപനത്തിൽ ദുഃഖിതരായവരോടെല്ലാം ക്ഷമ ചോദിക്കുന്നതായും നടൻ പറഞ്ഞു.
എനിക്ക് ഈ വർഷം 46 വയസ് തികയുകയാണ്. എന്റെ ജീവിതത്തിന്റെ പകുതിയോളം അതായത് 23 വർഷവും ഞാൻ സിനിമയിലാണ് ചെലവഴിച്ചത്. എന്റെ ഒരു ചെറിയ തെറ്റ് നിങ്ങളെയെല്ലാം ഇത്രയധികം വേദനിപ്പിച്ചു എന്നത് നിർഭാഗ്യകരമാണ്.
അന്ന് അല്പം വികാരപരമായി സംസാരിച്ചു. സിനിമാരംഗത്തുനിന്നുള്ളവർ അതിന് ശേഷം എന്നെ സമീപിച്ചു. നിങ്ങൾ എന്തുപറഞ്ഞാലും അംഗീകരിക്കും. എന്നാൽ സിനിമയിൽനിന്ന് മാറി നിൽക്കുകയാണെന്ന് മാത്രം പറയരുത് എന്ന് ആവശ്യപ്പെട്ടു. അവരോടെല്ലാവരോടും ഞാൻ ക്ഷമ ചോദിക്കുന്നു നടൻ പറഞ്ഞു.
ഇനി ഒരിക്കലും എന്റെ ആരാധകരെ നിരാശരാക്കില്ല. തീർച്ചയായും തിരിച്ചുവരും. നിങ്ങളുടെ സന്തോഷം, ദയ, ഔദാര്യം എന്നിവ ഒരു പൊന്നിയിൻ സെൽവൻ ആയോ കരാട്ടെ ബാബുവായോ ഞാൻ തിരികെ നൽകും. എനിക്ക് ആത്മവിശ്വാസം തന്നവർക്കുമുന്നിൽ നന്ദിയോടെ നമ്രശിരസ്കനാകുന്നു. രവി മോഹൻ കൂട്ടിച്ചേർത്തു.
നിർമാതാവ് സുജാത വിജയകുമാറിന്റെ മകളായ ആർതിയെ 2009-ലാണ് രവി വിവാഹം കഴിച്ചത്. 15 വർഷത്തെ ദാമ്പത്യത്തിന് ശേഷം 2024-ൽ ഇവർ പിരിഞ്ഞതായി പ്രഖ്യാപിച്ചു. പിന്നാലെ, ഗായിക കെനീഷ ഫ്രാൻസിസുമായി ചേർത്ത് രവിയുടെ പേരിൽ അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു.
Movies
സമൂഹമാധ്യമങ്ങളിൽ നിന്നും ഇടവേള എടുക്കകയാണെന്ന് അറിയിച്ച് നടി മമിത ബൈജു. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച സ്റ്റോറിയിലൂടെയാണ് മമിത ഇക്കാര്യം അറിയിച്ചത്.
സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങൾ തന്റെ ടീം സോഷ്യല്‍ മീഡിയയിലൂടെ അറിയിക്കുമെന്നും മമിത കുറിച്ചു. മമിത പ്രധാന വേഷത്തിലെത്തുന്ന സൂര്യ ചിത്രം വിശ്വനാഥ് ആന്‍ഡ് സണ്‍സ്, നിവിൻ പോളി ചിത്രം ബത്ലഹേം കുടുംബ യൂണിറ്റ് അടക്കം നിരവധി ചിത്രങ്ങളാണ് വിവിധ ഭാഷകളിലായി റിലീസിന് തയ്യാറെടുക്കുന്നത്.
ദ് റൗട്ട് എന്ന സെലിബ്രിറ്റി മാനേജ്മെന്റ് കമ്പനിയാണ് മമിതയുടെ സാമൂഹികമാധ്യമങ്ങൾ കൈകാര്യംചെയ്യുന്നതെന്നാണ് സൂചന. നിർമാതാവും തമിഴ്നാട് മുഖ്യമന്ത്രി വിജയ്യുടെ മുൻമാനേജറുമായ ജഗദീഷ് പളനിസ്വാമിയുടെ നേതൃത്വത്തിലുള്ളതാണ് സ്ഥാപനം.
കയാദു ലോഹർ, ഐശ്വര്യ ലക്ഷ്മി തുടങ്ങിയവരും സാമൂഹികമാധ്യമങ്ങളിൽനിന്ന് വിട്ടുനിൽക്കുന്നതായി അടുത്തിടെ അറിയിച്ചിരുന്നു.
Kerala
കല്‍പ്പറ്റ: വയനാട് പുഞ്ചിരിമട്ടം ഉരുള്‍ ദുരന്ത ബാധിതരുടെ പുനരധിവാസത്തിന് കല്പ്പറ്റയ്ക്ക് സമീപം സര്‍ക്കാര്‍ സജ്ജമാക്കുന്നതും ഒന്നാം ഘട്ടം ഉദ്ഘാടനം കഴിഞ്ഞതുമായ ടൗണ്‍ഷിപ്പില്‍ നടന് മമ്മൂട്ടി സന്ദര്‍ശനം നടത്തി. 'പദയാത്ര' സിനിമയുടെ അവസാന ഷെഡ്യൂള്‍ ചിത്രീകരണത്തിനുശേഷം മടങ്ങുന്നതിനിടെ ഇന്ന് ഉച്ചയ്ക്ക് 12 ഓടെയാണ്മമ്മൂട്ടി ടൗണ്‍ഷിപ്പില്‍ എത്തിയത്.
'പദയാത്ര' നിര്‍മാതാവ് ആന്റോ ജോസഫ്, സിപിഎം ജില്ലാ സെക്രട്ടറി കെ. റഫീഖ്, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ.എം. ഫ്രാന്‍സിസ് തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു. 15 മിനിറ്റോളം ടൗണ്‍ഷിപ്പില്‍ ചെലവഴിച്ച നടന് ടൗണ്‍ഷിപ്പിന്റെ ഭാഗങ്ങളും വീടുകളില്‍ ഒന്നിന്റെ അകവും സന്ദര്‍ശിച്ചു. സ്ഥലത്തുണ്ടായിരുന്ന ദുരന്തബാധിതരില്‍ ചിലരുമായി സംസാരിച്ചു. ടൗണ്‍ഷിപ്പ് മാതൃകാ പദ്ധതിയാണെന്നു മമ്മൂട്ടി പറഞ്ഞു.
ദുരന്തബാധിതരെ കേരളം ചേര്‍ത്തുനിര്‍ത്തുന്നതിന് ഉദാഹരണമാണിത്. മനുഷ്യന് ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം എന്നിവയാണ് പ്രാഥമികമായി ആവശ്യം. ഇതു മൂന്നും എല്ലാവര്ക്കും ഒരേസമയം കിട്ടണമെന്നില്ല. ടൗണ്‍ഷിപ്പ് ജനങ്ങളുടെ പദ്ധതിയാണ്. കേരളത്തിന്റെ സാമൂഹിക മൂലധനമാണിത്. കേരളത്തിലെ ജനങ്ങളുടെ മനസാണ് ടൗണ്‍ഷിപ്പില്‍ പ്രകടമാകുന്നത്. ജനം നല്കിയ പണമാണ് സര്‍ക്കാര്‍ ടൗണ്‍ഷിപ്പ് നിര്‍മാണത്തിനു വിനിയോഗിക്കുന്നതെന്നും മമ്മൂട്ടി പറഞ്ഞു.
Kerala
കൊച്ചി: കേരളത്തെ അധിക്ഷേപിക്കുന്ന തരത്തിലുള്ള ഉള്ളടക്കമുണ്ടെന്ന ആരോപണം നേരിട്ട 'കേരള സ്റ്റോറി 2' എന്ന സിനിമയ്ക്ക് കേരളത്തിലെ തിയേറ്ററുകളിൽ കാഴ്ചക്കാരില്ല. പ്രദർശനാനുമതി ലഭിച്ചിട്ടും പല തിയേറ്ററുകളിലും സിനിമ കാണാൻ ആളുകൾ എത്തുന്നില്ല. സിനിമ പ്രദർശിപ്പിക്കുന്ന പല തിയേറ്ററുകളിലും വിരലിലെണ്ണാവുന്ന ആളുകൾ മാത്രമാണ് എത്തുന്നത്. ചിലേടങ്ങളിൽ മിനിമം ആളുകൾ ഇല്ലാത്തതിനാൽ ഷോകൾ റദ്ദാക്കേണ്ടി വരുന്ന സാഹചര്യവുമുണ്ട്.
കേരളത്തിനെതിരെയും ഒരു പ്രത്യേക വിഭാഗത്തിനെതിരെയും വിദ്വേഷം പടർത്തുന്ന രീതിയിലുള്ള 'പ്രൊപ്പഗാണ്ട' സിനിമയാണിതെന്ന വ്യാപകമായ വിമർശനം കേരളത്തിൽ ഉയർന്നിരുന്നു. ഇതു മലയാളികളെ സ്വാധീനിച്ചതാകാം സിനിമയോടുള്ള തണുപ്പൻ സമീപനത്തിനു പിന്നിലെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. സിനിമയുടെ ആദ്യ ഭാഗത്തിനെതിരെയും വലിയ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു.
രണ്ടാം ഭാഗം ഇറങ്ങിയപ്പോഴും സമാനമായ രീതിയിൽത്തന്നെ കേരളത്തിലെ പൊതുസമൂഹം സിനിമയെ അവഗണിക്കുന്നുവെന്ന സൂചനയാണ് പ്രാഥമികമായി വരുന്നത്. 'കേരള മോഡൽ' ഐക്യത്തെ തകർക്കാനുള്ള നീക്കങ്ങൾ മലയാളികൾ തിരിച്ചറിയുന്നു എന്ന തരത്തിലുള്ള പ്രതികരണങ്ങളാണ് സിനിമയുടെ റിലീസിനോട് അനുബന്ധിച്ച് സോഷ്യൽ മീഡിയയിൽ നിറയുന്നത്.
അതേസമയം, കോടതി വ്യവഹാരങ്ങളിൽ കുടുങ്ങി അവസാന നിമിഷം റിലീസ് ചെയ്തതുകൊണ്ടാകാം കാണികൾ വിട്ടുനിൽക്കുന്നതെന്നും വരും ദിവസങ്ങളിൽ കാഴ്ചക്കാരെ കിട്ടുമെന്നുമാണ് സിനിമയുമായി ബന്ധപ്പെട്ടു നിൽക്കുന്ന വൃത്തങ്ങൾ അവകാശപ്പെടുന്നത്.
NRI
ന്യൂയോർക്ക്: അമേരിക്കൻ മലയാളി കൂട്ടായ്മകളിലെ നിറസാന്നിധ്യവും തൊണ്ണൂറുകളുടെ ആരംഭത്തിൽ അമേരിക്കയിൽ മലയാള ചലച്ചിത്ര താരങ്ങളെ അണിനിരത്തി സ്റ്റാർനൈറ്റുകളും മെഗാഷോകളും വിജയകരമായി സംഘടിപ്പിച്ചും അമേരിക്കയിൽ തിയറ്ററുകളിൽ മലയാള സിനിമയുടെ പ്രദർശനത്തിന്റെ അമരക്കാരനായും പ്രവർത്തിച്ച ജീമോൻ ജോർജ് സിനിമാ രംഗത്തേക്ക് തിരികെയെത്തുന്നു.
ജീ സിനിമാസ് എന്ന നിർമാണ കമ്പനിയുമായി ചലച്ചിത്ര മേഖലയിലേക്ക് ജീമോൻ ജോർജ് എന്ന നിർമാതാവ് എത്തുമ്പോൾ ഒരു തുടക്കക്കാരനായി കാണേണ്ടതില്ല എന്നതിന്റെ ഉത്തമ ഉദാഹരണമാണ് "ശുക്രൻ' എന്ന റൊമാന്റിക് കോമഡി ത്രില്ലർ സിനിമ.
റിലീസിന് തയാറെടുത്തിരിക്കുന്ന ശുക്രനിൽ യുവ താരങ്ങളായ ബിബിൻ ജോർജ്, ഷൈൻ ടോം ചാക്കോ, ചന്ദുനാഥ് എന്നിവർ നായകന്മാർ ആവുന്നു. ഒപ്പം മറ്റ് പ്രമുഖ താരങ്ങളും അണിനിരക്കുന്നു. മലയാള സിനിമാ ലോകത്ത് ശുക്രന്റെ പബ്ലിസിറ്റി ഇപ്പോൾ തന്നെ ചർച്ചയായിരിക്കുകയാണ്.
ഡിസംബർ 13 ന് നടന്ന തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ആർക്കൊക്കെ ശുക്രൻ ഉദിക്കും എന്ന ക്യാപ്ഷനോടുകൂടി കേരളത്തിലെ 14 ജില്ലകളിൽ കഴിഞ്ഞ ഡിസംബർ ഏഴ് മുതൽ ശുക്രൻ സിനിമയുടെ ക്യാമ്പയിന് തുടക്കം കുറിച്ചു.
ഇത് പല പ്രമുഖ വാർത്താ ചാനലുകളിലടക്കം വാർത്താ പ്രാധാന്യം നേടിയിരുന്നു. ഉടൻ തീയേറ്ററുകളിൽ എത്തുന്ന ശുക്രന്റെ റിലീസിന്റെ തിരക്കിലാണ് നിർമാതാവ് ജീമോൻ ജോർജും മറ്റ് അണിയറ പ്രവർത്തകരും.
വൻ താരനിരയുള്ള ജീ സിനിമാസിന്റെ പുതിയ പ്രോജക്ടിന്റെ ചർച്ചകളും പുരോഗമിക്കുന്നു. ശുക്രന്റെ റിലീസിനോടൊപ്പം പുതിയ ചിത്രത്തിന്റെ പ്രഖ്യാപനവും ഉടൻ തന്നെ ഉണ്ടാവും. ജീമോൻ ജോർജ് എന്ന ജീ സിനിമാസിന്റെ അമരക്കാരനോടൊപ്പം ഒരു മികച്ച ടീമും ഈ പ്രവർത്തനങ്ങൾക്ക് പിന്നിൽ അണിനിരക്കുന്നു.
Kerala
പ്രണയത്തെക്കുറിച്ചും കല്യാണത്തെക്കുറിച്ചും നടൻ ശ്രീനിവാസൻ പറഞ്ഞതിങ്ങനെ...
ഞാനും വിമലയും വിവാഹത്തിനുമുമ്പേ പരിചയക്കാരായിരുന്നു. പ്രണയം എന്നു വിശേഷിപ്പിക്കാൻ മാത്രമുള്ള ഒരടുപ്പമായിരുന്നു അതെന്നു പറയാൻ കഴിയില്ല. പ്രണയമെന്നും വേണമെങ്കിൽ വിളിക്കാം. പ്രതീക്ഷകളൊന്നുമില്ലാത്ത, നാളെയെങ്ങനെയാകുമെന്നു മുൻധാരണയില്ലാത്ത അന്നത്തെ ജീവിതത്തിൽ കല്യാണത്തെക്കുറിച്ച് ആലോചിക്കാൻ പോലും കഴിയില്ലായിരുന്നു.
അച്ഛന്റെ കേസുകൾ വീടു പോലും നഷ്ടപ്പെടുത്തി. കൂത്തുപറന്പിൽ വാടകവീട്ടിലായിരുന്നു താമസം. ഞങ്ങളുടെ നാട്ടിൽ വാടകയ്ക്കു താമസിക്കുക എന്നതു ഒരു കുറവു തന്നെയാണ്. അത്തരം നിരവധി കുറവുകൾക്കുള്ളിൽ നിൽക്കുന്പോഴാണ് വിമല എന്നെ മാത്രം മതിയെന്നു പറഞ്ഞ് ഒറ്റക്കാലിൽ നിൽക്കുന്നത്.
വീട്ടുകാർ കൊണ്ടുവരുന്ന ആലോചനകളെല്ലാം മുടക്കി വിമല എനിക്കായി കാത്തിരിക്കുകയാണെന്നു മനസിലാക്കിയപ്പോൾ ഞാനവൾക്ക് ജനുവരി 12നു നമ്മുടെ വിവാഹമാണു തയാറായിരിക്കണം എന്നു പറഞ്ഞൊരു കത്തയച്ചു.
രജിസ്റ്റർ കല്യാണം
കല്ല്യാണം രജിസ്ട്രാഫീസിൽ വച്ചു നടത്താനാണ് പ്ലാനിട്ടത്. കല്യാണത്തിനു തലേന്നാണു നാട്ടിലെത്തിയത്. കാര്യങ്ങൾ ഏർപ്പാടാക്കിയ സുഹൃത്തു പറഞ്ഞു, 12-ാം തീയതി കല്യാണം നടക്കില്ല. അന്നു വസ്തു രജിസ്ട്രേഷന്റെ ബഹളമാണെന്ന്. അങ്ങനെ, 13-ാം തീയതി കല്യാണം എന്നു തീരുമാനിച്ചു.
ഇക്കാര്യം വിമലയെ എങ്ങനെ അറിയിക്കണമെന്ന് ആലോചിക്കുന്പേഴാണു വീട്ടിലേക്കു വിമല കയറിവരുന്നത്. വിമല എന്നോട് ഒരാഗ്രഹം പറഞ്ഞു. വിമലയുടെ വീട്ടുകാർക്കു കല്യാണത്തിൽ എതിർപ്പുണ്ടാകാൻ സാധ്യതയില്ല. ആരെയെങ്കിലും കല്യാണം കഴിച്ചാൽ മതി എന്ന ചിന്തയായിരുന്നു വീട്ടുകാർക്ക്. അതുകൊണ്ടു നേരിട്ടു വീട്ടിൽ പോയി കാര്യങ്ങൾ അവതരിപ്പിക്കണം.
ആർഭാടരഹിതമായ കല്യാണം അതാണെന്റെ ആഗ്രഹമെന്നു ഞാനും അറിയിച്ചു. വിമലയുടെ വീട്ടിൽ പോയി കാര്യങ്ങൾ പറഞ്ഞാൽ അവർ നല്ല രീതിയിൽ കല്യാണം നടത്താൻ തുനിഞ്ഞിറങ്ങും. അതോടെ ചെലവുകൾ വർധിക്കും. കൈയിൽ നാനൂറു രൂപയോളം മാത്രം. അതുകൊണ്ടു ബുദ്ധിപൂർവം മുന്നോട്ടുനീങ്ങി.
പക്ഷേ, അമ്മയുടെ മുന്നിൽ കുടുങ്ങി. അന്നത്തെ അവസ്ഥയിൽ പൊതുവെ ദുഃഖിതയായ അമ്മ, കല്യാണം എവിടെവച്ചായാലും താലി വേണം എന്ന ഉപാധി മുന്നോട്ടുവച്ചു. താലികെട്ടിയേ മതിയാവൂ. അമ്മയുടെ സങ്കൽപ്പത്തിൽ സ്വർണത്തിന്റെ താലി തന്നെയാണുള്ളത്. ആകെ പുലിവാലായി.
മമ്മൂട്ടിയുടെ നിർബന്ധം
കണ്ണൂരിൽ അതിരാത്രം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുകയാണ്. മമ്മൂട്ടി അതിൽ അഭിനയിക്കുന്നുണ്ട്. അവസാനം മമ്മൂട്ടിയെ സഹായത്തിനായി കാണാൻ തീരുമാനിച്ചു. കാര്യങ്ങളെല്ലാം മമ്മൂട്ടിയോടു പറഞ്ഞു. രണ്ടായിരം രൂപയും വാങ്ങിച്ചു. തീർച്ചയായും കല്യാണത്തിനു വരുമെന്ന് മമ്മൂട്ടി ശഠിച്ചു. വീണ്ടും പുലിവാലായി.
കാരണം, മമ്മൂട്ടി അന്നു സ്റ്റാറാണ്. അദ്ദേഹം വന്നാൽ ആരെയും ക്ഷണിക്കാതെ നടത്തുന്ന കല്യാണം ബഹളമയമാവും. കാര്യങ്ങൾ മമ്മൂട്ടിയെ ബോധ്യപ്പെടുത്തി. മമ്മൂട്ടി കല്യാണത്തിനു വന്നില്ല. അങ്ങനെ അമ്മയുടെ താലിയെന്ന സങ്കൽപ്പം യാഥാർഥ്യമായി.
വിമലയുടെ ന്യായമായ മറ്റൊരാഗ്രഹവും ആ പണം കൊണ്ടു നിറവേറി. കല്യാണസമയത്തെ സാരിയും ബ്ലൗസുമടക്കമുള്ള വസ്ത്രങ്ങളെല്ലാം ഞാൻ വാങ്ങി നൽകണമെന്നതായിരുന്നു അത്. അങ്ങനെ ജനുവരി 13ന് കതിരൂർ രജിസ്ട്രാഫീസിൽ വച്ച് ഞങ്ങളുടെ കല്യാണം നടന്നു.
Kerala
കോട്ടയം: സിനിമാലോകം അടക്കി വാഴുന്നതിനിടെ ഇടിത്തീ പോലെ വന്നു വീണ കേസിൽ കടപുഴകി വീണ വൻമരമാണ് ദിലീപ് എന്ന ജനപ്രിയ നായകൻ. നടൻ എന്നതിനേക്കാൾ നിർമാണം, തിയറ്റർ, വിതരണം, സിനിമാ സംഘടന തുടങ്ങിയ രംഗങ്ങളെല്ലാംതന്നെ ദിലീപ് എന്ന താരരാജാവിന്റെ ആധിപത്യമുണ്ടായിരുന്നു. സൂപ്പർ താരങ്ങൾ പോലും ദിലീപിന്റെ നിഴലിലായ കാലം.
ഇങ്ങനെ സിനിമയുടെ സമസ്ത മേഖലകളിലും പിടിമുറുക്കിയിരുന്ന സമയത്താണ് പ്രമുഖ നടിക്കെതിരേ ഗുണ്ടാസംഘത്തിന്റെ ആക്രമണം ഉണ്ടാകുന്നതും ദിലീപ് ആരോപണ വലയത്തിൽ കുരുങ്ങുന്നതും.
അമ്മയുടെ മക്കൾ
നടിക്കെതിരേ നടന്ന ആക്രമണത്തിൽ പ്രതിഷേധിക്കാൻ സിനിമാസംഘടനകൾ സംഘടിപ്പിച്ച യോഗത്തിൽ ദിലീപിന്റെ ഭാര്യയായിരുന്ന നടി മഞ്ജുവാര്യരാണ് നടിയെ ആക്രമിച്ചതിനു പിന്നിൽ ഒരു ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ചത്. ഇതു കത്തിപ്പിടിച്ചതോടെ വൈകാതെ ആക്രമണം ക്വട്ടേഷൻ ആയിരുന്നെന്നും പിന്നിൽ ദിലീപ് ആണെന്നുമുള്ള ആരോപണങ്ങൾ ഉയർന്നു. ഇതിന്റെ ആദ്യ ഘട്ടത്തിൽ രണ്ടു പേരും അമ്മയുടെ മക്കൾ ആണെന്നതായിരുന്നു താരസംഘടനയായ അമ്മയുടെ പ്രതികരണം. സിനിമയിലെ ചില യുവതാരങ്ങളുടെ നേതൃത്വത്തിൽ ദിലീപിനെതിരേ ശക്തമായ നിലപാട് സംഘടനയ്ക്കുള്ളിൽ എടുത്തിരുന്നു. മുതിർന്ന താരങ്ങൾ പോലും അറച്ചുനിന്ന ഘട്ടത്തിൽ കർശന നടപടി വേണമെന്ന് ഇവർ പരസ്യമായി ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ, വൈകാതെ കേസിൽ ദിലീപ് അറസ്റ്റ് ചെയ്യപ്പെട്ടതോടെ സംഘടനയിൽനിന്നു ദിലീപിനെ പുറത്താക്കാൻ സംഘടന നിർബന്ധിതമായി.
മങ്ങിയ പ്രതാപം
സിനിമയിലെ സ്ത്രീകളെ അവകാശങ്ങൾ സംരക്ഷിക്കാനും ആക്രമിക്കപ്പെട്ട നടിയെ പിന്തുണയ്ക്കാനുമായി അമ്മയ്ക്കു പുറത്ത് വിമൺ ഇനി സിനിമ കളക്ടീവ് എന്ന സംഘടന നിലവിൽ വന്നു. അമ്മയുടെ ചില നിലപാടുകളെ വരെ സംഘടന ചോദ്യം ചെയ്തു. കേസ് നടത്താൻ ആക്രമിക്കപ്പെട്ട നടിക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ചു. കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട് 90 ദിവസത്തോളമാണ് ദിലീപ് ജയിലിൽ കഴിയേണ്ടിവന്നത്. ഇതോടെ ദിലീപ് കരാറായിരുന്ന പല പ്രോജക്ടുകളും മുടങ്ങി. സിനിമരംഗത്തുതന്നെ വലിയ പ്രതിസന്ധിയാണ് ദിലീപിന്റെ അറസ്റ്റും ജയിൽവാസവും സൃഷ്ടിച്ചത്. ജാമ്യം കിട്ടി പുറത്തുവന്നതെങ്കിലും കേസിന്റെ വിചാരണയും നിയമപ്രശ്നങ്ങളും മൂലം പഴയ പ്രതാപത്തോടെ സിനിമയിൽ തിരിച്ചെത്താൻ ദിലീപിനു കഴിഞ്ഞിരുന്നില്ല. ഇടയ്ക്ക് ചില ചിത്രങ്ങൾ ചെയ്തത് ഒഴിച്ചാൽ കഴിഞ്ഞ എട്ടര വർഷത്തിനിടയിൽ പലപ്പോഴും സിനിമാവേദികളിൽനിന്ന് അകറ്റപ്പെട്ട അവസ്ഥയിലായിരുന്നു ദിലീപ്. ഒറ്റപ്പെട്ട അവസ്ഥയിലും ഒളിഞ്ഞും തെളിഞ്ഞും ദിലീപിനൊപ്പം നിന്ന കുറെ താരങ്ങളും ഉണ്ടായിരുന്നു. ദിലീപുമായി അടുപ്പം പുലർത്തിയതിന്റെ പേരിൽ നാദിർഷയും ധർമജൻ ബോൾഗാട്ടിയുമൊക്കെ വിമർശനം നേരിട്ടു.
തിരിച്ചെടുത്താൽ
വിചാരണക്കോടതി കുറ്റവിമുക്തനാക്കിയതോടെ ദിലീപിനെ അമ്മയിൽ തിരിച്ചെടുക്കുമോയെന്ന ചോദ്യമാണ് ഏറ്റവും പ്രസക്തം. ദിലീപിനെ ഉടൻ തിരിച്ചെടുക്കുമെന്നു പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഇതിനകം പ്രഖ്യാപിച്ചുകഴിഞ്ഞു. സംഘടനകളെ നിയന്ത്രിക്കുക വരെ ചെയ്തിരുന്ന ദിലീപ് സംഘടനകളിലേക്കും സിനിമയിലേക്കും തിരികെ വരുന്പോൾ ആഹ്ലാദിക്കുന്നവരെപ്പോലെ ആശങ്കപ്പെടുന്നവരുമുണ്ട്. തന്റെ പഴയ പ്രതാപം തിരിച്ചുപിടിക്കാൻ ദിലീപും അദ്ദേഹവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളും ഇറങ്ങിത്തിരിച്ചാൽ എന്തു സംഭവിക്കുമെന്ന ആകാംക്ഷ സിനിമവൃത്തങ്ങളിൽ ശക്തമാണ്.
അതേസമയം, കേസ് തീർന്നിട്ടില്ലെന്നും പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ അപ്പീൽ കൊടുക്കുമെന്നു പറഞ്ഞ സാഹചര്യത്തിൽ ദിലീപ് വിഷയത്തിൽ എന്തു നിലപാട് സ്വീകരിക്കുമെന്നത് അമ്മയ്ക്കും തലവേദന നിറഞ്ഞ വിഷയമാണ്.
കുറ്റവിമുക്തനായി പുറത്തുവന്നതിനു ശേഷം ദിലീപ് പറഞ്ഞ വാക്കുകളാണ് മറ്റൊരു ചർച്ചാവിഷയം. മഞ്ജുവാര്യർ ആക്രമണത്തിൽ ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ചതിനു പിന്നാലെ തന്നെ പ്രതിയാക്കാനും തകർക്കാനും ഗൂഢാലോചന നടന്നുവെന്നായിരുന്നു ദിലീപ് കുറ്റപ്പെടുത്തിയത്. സിനിമയ്ക്കുള്ളിലുള്ളവരും ചില പോലീസ് ഉദ്യോഗസ്ഥരും ചേർന്നു തനിക്കെതിരേ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് ദിലീപ് എന്ന ഗോപാലകൃഷ്ണൻ വീണ്ടും സിനിമയിലേക്കു തിരിച്ചുവരുന്പോൾ അതു പലർക്കും ആശങ്കയുടെ നിമിഷങ്ങൾകൂടിയാണ്. മലയാള സിനിമയെ ഇളക്കിമറിച്ച ഒരു സിനിമാറ്റിക് സംഭവത്തിന്റെ ശേഷം ഭാഗം ഒരു ത്രില്ലർ മൂവി പോലെ സംഭവബഹുലമാകുമോയെന്നാണ് ഇനി അറിയാനുള്ളത്.
Movies
ഇന്ത്യന്‍ ചലച്ചിത്രസമ്പ്രദായങ്ങളെ വെല്ലുവിളിക്കുകയും പരമ്പരാഗത രീതികളെ മാറ്റിമറിക്കുകയും ചെയ്ത നടനായതുകൊണ്ടാണ് 'ഹീ-മാന്‍ ഓഫ് ബോളിവുഡ്' എന്ന് ധര്‍മേന്ദ്രയെ വിളിക്കുന്നത്. തന്റെ 87-ാം വയസില്‍ ശബാന ആസ്മിയെ ചുംബിച്ചുകൊണ്ട് ധര്‍മേന്ദ്ര വെള്ളിത്തിരയില്‍ മറ്റൊരു ഞെട്ടിക്കലും നടത്തി. ആ ചുംബനരംഗം അപ്രതീക്ഷിതമായിരുന്നു. കരണ്‍ ജോഹര്‍ ചിത്രത്തിലെ മാസ്മരിക അനുഭവം കൂടിയായിരുന്നു ആ രംഗം.
1960-ല്‍ പുറത്തിറങ്ങിയ 'ദില്‍ ഭി തേര ഹം ഭി തേരെ' എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ഇതിഹാസനടന്‍ വെള്ളിത്തിരയില്‍ പരീക്ഷണങ്ങള്‍ നടത്തുന്നതില്‍ എന്നും മുന്നിലായിരുന്നു. അദ്ദേഹത്തിന്റെ കഥാപാത്രങ്ങള്‍ പരിശോധിച്ചാല്‍ വ്യത്യസ്തവും പരമ്പരാഗതശൈലികളെ വെല്ലുവിളിക്കുന്നതുമായിരുന്നു എന്നു കാണാന്‍ കഴിയും. സംവിധായകരും നിര്‍മാതാക്കളും എതിരഭിപ്രായം ഉന്നയിക്കുമ്പോഴും ആ താരമൂല്യത്തിനു മുന്നില്‍ നിഷ്പ്രഭമാകുകയായിരുന്നു.
2003ല്‍ ആയിരുന്നു എല്ലാവരും ഞെട്ടിയ വെള്ളിത്തിരയിലെ ആ രംഗം. 'റോക്കി ഔര്‍ റാണി കീ പ്രേം കഹാനി'യില്‍ 87 വയസുകാരനായ ധര്‍മേന്ദ്ര 73 വയസുകാരിയായ നടി ഷബാന ആസ്മിയെ ചുംബിച്ചുകൊണ്ട് പ്രായം എന്ന സങ്കല്പങ്ങളെ തകര്‍ത്തെറിഞ്ഞു. കരണ്‍ ജോഹര്‍ ആയിരുന്നു ചിത്രത്തിന്റെ സംവിധായകന്. രണ്‍വീര്‍ സിംഗ്, ആലിയ ഭട്ട്, ആഞ്ജലി ആനന്ദ് തുടങ്ങിയവരായിരുന്നു മറ്റു താരങ്ങള്‍.
ചിത്രത്തിലെ ചുംബനത്തെക്കുറിച്ചു ചോദിച്ചപ്പോള്‍ ധര്‍മേന്ദ്രയുടെ മറുപടി ഇങ്ങനെയായിരുന്നു: 'ഇത്, എനിക്ക് വളരെ എളുപ്പമാണ്. ഷബാനയും ഞാനും പ്രേക്ഷകരെ ആശ്ചര്യപ്പെടുത്തിയതായി കേട്ടു. അതേസമയം, ഷബാന പൂര്‍ണ പിന്തുണ നല്കി. എന്നാല്‍, ആളുകള്‍ ഇതു പ്രതീക്ഷിച്ചിരുന്നില്ലെന്നു ഞാന്‍ കരുതുന്നു. ഞാന്‍ അവസാനമായി ഒരു ചുംബനരംഗം ചെയ്തത് നഫീസ അലിക്കൊപ്പം ആയിരുന്നു, അക്കാലത്ത് ആളുകള്‍ അതിനെ സ്വീകരിച്ചിരുന്നു.'
"പ്രണയത്തിനു പ്രായപരിധിയില്ല. കരണ്‍ ജോഹര്‍ ഞങ്ങളോടു രംഗം വിവരിച്ചപ്പോള്‍, ഞാന്‍ ആവേശഭരിതനായില്ല. ഞങ്ങള്‍ അത് സിനിമയ്ക്ക് ആവശ്യമാണെന്നു കരുതി. ഞാന്‍ അതു ചെയ്യുമെന്നു പറഞ്ഞു. പ്രായം ഒരു സംഖ്യ മാത്രമാണ്, പ്രായം കണക്കിലെടുക്കാതെ രണ്ട് ആളുകള്‍ പരസ്പരം ചുംബിക്കുന്നതിലൂടെ അവരുടെ സ്നേഹമാണു വെളിപ്പെടുന്നത്. ഷബാനയും ഞാനും അതു ചെയ്യുമ്പോള്‍ ഒരുതരത്തിലുമുള്ള അസ്വസ്ഥതയും അനുഭവപ്പെട്ടില്ല...' ധര്‍മേന്ദ്ര കൂട്ടിച്ചേര്‍ത്തു.
അതേസമയം, പവന് ഹാന്‍സ് ശ്മശാനത്തില്‍ ഐതിഹാസിക നടനു ഷബാന ആസ്മി തന്റെ പ്രിയ നടന് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ എത്തിയിരുന്നു. നിറകണ്ണുകളോടെയാണ് ഷബാന തന്റെ പ്രിയ സുഹൃത്തിന് അന്ത്യാഞ്ജലി അര്‍പ്പിച്ചത്. അമിതാഭ് ബച്ചന്റെ ചെറുമകന് അഗസ്ത്യ നന്ദയോടൊപ്പമുള്ള ഇക്കിസ് ആണ് ധര്‍മേന്ദ്രയുടെ അവസാന ചിത്രം.
Movies
ബോളിവുഡ് താരം കരിഷ്മ കപുറും മക്കളും പുതിയ അപ്പാര്‍ട്ട്മെന്റിലേക്കു താമസം മാറി. മുന്‍ ഭര്‍ത്താവ് സഞ്ജയ് കപുറിന്റെ 30,000 കോടി രൂപയുടെ എസ്റ്റേറ്റില്‍ തനിക്കും മക്കള്‍ക്കും അവകാശമുന്നയിച്ചുള്ള നിയമപോരാട്ടത്തിനിടെയാണ് കരിഷ്മ കപുര്‍ ആഡംബര അപ്പാര്‍ട്ട്മെന്റിലേക്കു താമസം മാറുന്നത്. മാസം 5.51 ലക്ഷം രൂപയാണ് വാടക! മുംബൈ ബാന്ദ്ര വെസ്റ്റില്‍ ആണ് അപ്പാര്‍ട്ട്മെന്റ്.
ഹില്‍ റോഡിലെ ഗ്രാന്‍ഡ് ബേ കോണ്ടോമിനിയത്തിലാണ് അപ്പാര്‍ട്ട്മെന്റ് സ്ഥിതിചെയ്യുന്നത്. ഏകദേശം 2,200 ചതുരശ്രയടി വിസ്തീര്‍ണമുണ്ട് വസതിക്ക്. മൂന്ന് പാര്‍ക്കിംഗ് സ്ഥലങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. രജിസ്ട്രേഷന് ഫീസ് 1,000 രൂപയും സ്റ്റാമ്പ് ഡ്യൂട്ടി 17,100 രൂപയുമാണ്. 20 ലക്ഷം രൂപ സെക്യൂരിറ്റി തുകയായി അപ്പാര്‍ട്ട്മെന്റ് ഉടമയ്ക്കും നല്കി. നവംബര്‍ മുതല്‍ 12 മാസത്തേക്കാണ് വാടകക്കരാര്‍.
മുംബൈയിലെ മനോഹരമായ പാര്‍പ്പിട മേഖലകളിലൊന്നാണ് ബാന്ദ്ര വെസ്റ്റ്. വമ്പന്‍ ബിസിനസുകാര്‍ക്കും സെലിബ്രിറ്റികള്‍ക്കും ഇവിടെ പാര്‍പ്പിട സമുച്ചയങ്ങളുണ്ട്. ജനപ്രിയ കഫേകള്‍, കാര്‍ട്ടര്‍ റോഡ് തുടങ്ങിയ മനോഹരമായ സ്ഥലങ്ങള്‍ക്കു പേരുകേട്ടതാണ് ബാന്ദ്ര.
നിയമപോരാട്ടം
കരിഷ്മയുടെ മുന്‍ ഭര്‍ത്താവ് സഞ്ജയ് കപുര്‍ ജൂണിലാണ് അന്തരിച്ചത്. അദ്ദേഹത്തിന്റെ മരണശേഷം, സ്വത്തുമായി ബന്ധപ്പെട്ട് നിയമപരമായ തര്‍ക്കം ആരംഭിച്ചു. കരിഷ്മയുടെ മക്കള്‍ അച്ഛന്റെ സ്വത്തുക്കളില്‍ അവകാശം ഉന്നയിക്കുമ്പോള്‍, സഞ്ജയ്യുടെ സഹോദരി മന്ദിര കപുര്‍ അമ്മയുടെ ഭാഗം അവകാശപ്പെട്ട് കോടതിയെ സമീപിച്ചു. സഞ്ജയ്-കരിഷ്മ ദമ്പതിമാരുടെ മക്കളായ സമൈറ, കിയാന് എന്നിവരും നിയമപോരാട്ടത്തിലാണ്. തങ്ങളുടെ അച്ഛന്റെ രണ്ടാം ഭാര്യ പ്രിയ സച്ദേവ് തങ്ങള്‍ക്ക് അവകാശപ്പെട്ട സ്വത്ത് വിട്ടുനല്‍കുന്നില്ലെന്നു കാണിച്ചാണ് മക്കള്‍ കോടതിയെയെ സമീപിച്ചത്. കേസ് കോടതിയുടെ പരിഗണനയിലാണുള്ളത്.
Movies
അമേരിക്കയിലും കാനഡയിലും റിക്കാര്‍ഡ് കളക്ഷന്‍ നേടി ബാഹുബലി ദി എപ്പിക്. സൂപ്പര്‍താരം പ്രഭാസ്, റാണ ദഗുബതി, അനുഷ്ക ഷെട്ടി, സത്യരാജ്, രമ്യ കൃഷ്ണന് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായ ഈ മാഗ്നം ഓപസ് വലിയ ആവേശമാണു പ്രേക്ഷകരില്‍ സൃഷ്ടിച്ചത്. ബോക്സ് ഓഫീസിലെ റിക്കാര്‍ഡ് നേട്ടം, 'ബാഹുബലി' നിത്യഹരിതമാണെന്നും പ്രേക്ഷകര്‍ ഇപ്പോഴും ബിഗ് സ്ക്രീനില്‍ ചിത്രം കാണാന്‍ ആഗ്രഹിക്കുന്നതിന്റെ തെളിവായിരുന്നു ബാഹുബലിയുടെ രണ്ടു ഭാഗങ്ങളും ചേര്‍ന്നുള്ള പുതിയ റിലീസ്.
ബാഹുബലി, ബാഹുബലി 2 എന്നീ രണ്ട് സിനിമകള്‍ സംയോജിപ്പിച്ച് ഒറ്റ സിനിമയാക്കി മാറ്റിയ മാഗ്നം ഓപസ് ഇന്ത്യന്‍ സിനിമയിലെ ആദ്യത്തെ, സവിശേഷമായ പുനര്‍-റിലീസ് രീതിയായിരുന്നു. കൂടാതെ, ഇതുവരെ കാണാത്ത സീനുകളും ഉള്‍പ്പെടുത്തി. മികച്ച ദൃശ്യവിരുന്നു നല്കുന്നതില് ബാഹുബലി ചിത്രങ്ങള്‍ പ്രേക്ഷകമനസില്‍ സ്ഥാനം പിടിച്ചിട്ടുണ്ട് എന്നതിന്റെ തെളിവുകൂടിയായിരുന്നു രണ്ടു ചിത്രങ്ങള്‍ ചേര്‍ത്തുള്ള പുതിയ റിലീസിനു ലഭിച്ച സ്വീകരണം.
വെങ്കി ബോക്സ് ഓഫീസിന്റെ കണക്കനുസരിച്ച്, ബാഹുബലി-ദി എപ്പിക് വടക്കേ അമേരിക്കന്‍ ബോക്സ് ഓഫീസില്‍ 8.26 കോടി രൂപ നേടി. മേഖലയില്‍ ഇന്ത്യന്‍ റീ-റിലീസ് ചിത്രത്തിനു ലഭിക്കുന്ന എക്കാലത്തെയും റിക്കാര്‍ഡ് കളക്ഷനാണിത്. അമേരിക്കയില്‍നിന്നാണ് കൂടുതല്‍ കളക്ഷന്‍ നേടിയത്.
ഇന്ത്യയിൽ
ഇന്ത്യയില്‍ ബാഹുബലി ദി എപ്പിക് ബോക്സ് ഓഫീസ് കുതിപ്പ് ഏതാണ്ട് അവസാനിച്ചു. ഏറ്റവും പുതിയ വിവരങ്ങള്‍ പ്രകാരം, 20 ദിവസത്തിനുള്ളില്‍ 33.48 കോടിയിലേറെ രൂപയുടെ വരുമാനം നേടിയിട്ടുണ്ട്. ജിഎസ്ടി കണക്കുകള്‍ പ്രകാരം, മൊത്തം കളക്ഷന്‍ 39.5 കോടി രൂപ. (നേരിയ വ്യത്യാസങ്ങള്‍ വരാം).
Movies
ലോകസിനിമയിലെ ഇതിഹാസതാരങ്ങളായ രജനികാന്തും കമല്‍ഹാസനും വീണ്ടും ഒന്നിക്കുന്നു! ലോകമെമ്പാടുമുള്ള ആരാധകരും ചലച്ചിത്രലോകവും ആകാംഷയോടെയാണ് ആ പ്രഖ്യാപനം ഏറ്റെടുത്തത്. ചിത്രത്തിന്റെ സംവിധായകന് ആരാകുമെന്നായിരുന്നു ഏവരും ഉറ്റുനോക്കിയത്.
രജനികാന്തിന്റെ അവസാനം പുറത്തിറങ്ങിയ കൂലി എന്ന ചിത്രത്തിന്റെ സംവിധായകന് ലോകേഷ് കനകരാജിന്റെ പേരാണ് ആദ്യം ഉയര്‍ന്നുകേട്ടത്. പിന്നീട്, പലരുടെയും പേരുകള്‍ ഉയര്‍ന്നുവന്നെങ്കിലും ഹിറ്റ് സംവിധായകന് സുന്ദര്‍ സി-യിലേക്കു പ്രോജക്ട് എത്തുകയായിരുന്നു. വാര്‍ത്ത പ്രചരിച്ചതോടെ, ആരാധകരും ആഘോഷത്തിലായി.
എന്നാല്‍, പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുന്നതിനിടെ ചിത്രത്തെക്കുറിച്ചുള്ള പുതിയ വാര്‍ത്ത ആരാധകരെ ഞെട്ടിക്കുന്നതായി. സുന്ദര്‍ പ്രോജക്ടില്‍നിന്നു പിന്മാറി! സംവിധായകന്റെ ഭാര്യയും സൂപ്പര്‍താരവുമായ ഖുഷ്ബു ആണ് ഇക്കാര്യം തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ ഔദ്യോഗികമായി പങ്കുവച്ചത്. എന്നാല്‍, മണിക്കൂറുകള്‍ക്കുള്ളില്‍ ഖുഷ്ബു പോസ്റ്റ് പിന്‍വലിക്കുകയും ചെയ്തു. പിന്നീട്, സുന്ദര്‍ സി തന്നെ നേരിട്ട് എത്തുകയും പിന്മാറുന്ന തീരുമാനം തന്നെ നേരിട്ട് അറിയിക്കുകയുമായിരുന്നു.
ഹൃദയവേദനയോടെ
'ഹൃദയവേദനയോടെയാണ് ഞാന്‍ ചില പ്രധാന കാര്യങ്ങള്‍ നിങ്ങളുമായി പങ്കിടുന്നത്. അപ്രതീക്ഷിതവും ഒഴിവാക്കാനാവാത്തതുമായ സാഹചര്യങ്ങള്‍ കാരണം, അഭിമാനകരമായ പ്രോജക്റ്റ് തലൈവര്‍ 173ല്‍നിന്ന് പിന്മാറാന് ഞാന്‍ തീരുമാനിച്ചു. അത് എന്ന സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടുള്ള തീരുമാനമായിരുന്നു' സുന്ദര്‍ സി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
'ജീവിതത്തില്‍, സ്വപ്നങ്ങളില്‍നിന്നു വ്യതിചലിച്ചാലും, നമുക്കു വേണ്ടി ഒരുക്കിയ പാത പിന്തുടരേണ്ടതുണ്ട്. ഈ രണ്ട് ഐക്കണുകളുമായുള്ള എന്റെ ബന്ധം വളരെ പഴക്കമുള്ളതാണ്. അവര്‍ എക്കാലവും എന്റെ പ്രിയപ്പെട്ട താരങ്ങളാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഞങ്ങള്‍ പങ്കിട്ട നിമിഷങ്ങള്‍ ഞാന്‍ എന്നെന്നേക്കുമായി വിലമതിക്കും. അവര്‍ എന്നെ വിലമതിക്കാനാവാത്ത പാഠങ്ങള്‍ പഠിപ്പിച്ചു. ഞാന്‍ മുന്നോട്ട് പോകുമ്പോള്‍ അവരുടെ പ്രചോദനവും അറിവും തേടുന്നത് തുടരും... എന്റെ ആത്മാര്‍ഥമായ ക്ഷമാപണം സ്വീകരിക്കുക...' സുന്ദര്‍ സി കൂട്ടിച്ചേര്‍ത്തു.
'നിങ്ങളുടെ അചഞ്ചലമായ പിന്തുണയ്ക്കും മനസിലാക്കലിനും നന്ദി. അത് എനിക്ക് ഒരു ലോകം പോലെയാണ്. നിങ്ങളോടൊപ്പമുള്ള കൂടുതല്‍ ഓര്‍മകള്‍ സൃഷ്ടിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു...' എന്നു പറഞ്ഞാണ് സുന്ദര്‍ സി കുറിപ്പ് അവസാനിപ്പിക്കുന്നത്. അതേസമയം, പ്രോജക്ടിനെക്കുറിച്ചു സൂപ്പർ താരങ്ങളുമായുള്ള ചില അഭിപ്രായ വ്യത്യാസങ്ങളാണ് പിൻമാറ്റത്തിനു കാരണമെന്നാണ് അഭ്യൂഹം പരക്കുന്നത്.
കൂലി എന്ന ചിത്രത്തിന്റെ റിലീസിന് മുമ്പു തന്നെ രജനികാന്തും കമലും തങ്ങള്‍ ഒന്നിച്ചുള്ള പ്രോജക്ടിനെക്കുറിച്ചു തുറന്നുപറഞ്ഞിരുന്നു. മണിരത്നത്തിന്റെ തഗ് ലൈഫിലാണ് കമല്‍ അവസാനമായി അഭിനയിച്ചത്. ഇപ്പോള്‍ പുതിയ സിനിമയുടെ തിരക്കുകളിലുമാണ്.
ചിത്രം ആരു സംവിധാനം ചെയ്യുമെന്നതിനെക്കുറിച്ചുള്ള വിവരങ്ങള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.